സെഞ്ചൂറിയന്‍: വിദേശത്തെ അതിവേഗ പിച്ചുകളില്‍ ഇന്ത്യയുടെ മിന്നല്‍പ്പിണറായി പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. വിദേശ മണ്ണില്‍ ഏറ്റവും വേഗത്തില്‍ നൂറു വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് ബുംറ സ്വന്തം പേരിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ റാസി വാന്‍ ഡെര്‍ ഡ്യുസെനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുംറ വിക്കറ്റില്‍ സെഞ്ചുറി പൂര്‍കത്തിയാക്കിയത്.

ഈ നേട്ടത്തിലെത്താന്‍ ബുംറ 23 മത്സരങ്ങളാണെടുത്തത്. ഇതിന് മുമ്പ് ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ ബിഎസ് ചന്ദ്രശേഖറിന്റെ പേരിലായിരുന്നു റെക്കോഡ്. ചന്ദ്രശേഖര്‍ 25 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്തു. 26 ടെസ്റ്റുകള്‍ കളിച്ച ആര്‍ അശ്വിനാണ് ഈ പട്ടികയില്‍ മൂന്നാമത്. ബിഷന്‍ ബേദി (28), ജവഗല്‍ ശ്രീനാഥ് (28), മുഹമ്മദ് ഷമി (28) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍. 

105 ടെസ്റ്റു വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടില്‍ ആകെയുള്ളത്. അതില്‍ 101 എണ്ണവും വിദേശ പിച്ചിലാണ് നേടിയത്. നാലെണ്ണം മാത്രമാണ് ഇന്ത്യന്‍ മണ്ണില്‍ വീഴ്ത്തിയത്. 

2018-19ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ബുംറ ടെസ്റ്റില്‍ അരങ്ങേറിയത്. അതേ രാജ്യത്തുവെച്ചുതന്നെ വിദേശത്ത് നൂറാം വിക്കറ്റ് നേട്ടവും ആഘോഷിച്ചു എന്ന പ്രത്യേകതയും ബുംറയ്ക്ക് സ്വന്തം.

 

Content Highlights: Jasprit Bumrah the fastest to 100 overseas Test wickets for India