മുംബൈ: മുന്‍ ന്യൂസീലന്‍ഡ് താരവും മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ചുമായ ഷെയ്ന്‍ ബോണ്ട് തന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ.

മുംബൈ ഇന്ത്യന്‍സിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ബുംറ ബോണ്ടുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബുംറ.

''ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമായിരിക്കുമ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. എല്ലാ വര്‍ഷവും ഞാന്‍ പുതിയ എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുകയും എന്റെ ബൗളിങ്ങില്‍ പുതിയ കാര്യങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വളരെ മികച്ച ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. വരും വര്‍ഷങ്ങളിലും അത് തുടരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.'' - ബുംറ പറഞ്ഞു. 

2015-ലാണ് ബോണ്ടിനെ ആദ്യമായി കണ്ടുമുട്ടിയതെന്ന് പറഞ്ഞ ബുംറ ന്യൂസീലന്‍ഡിനായി ബോണ്ട് പന്തെറിയുന്നത് കണ്ടപ്പോള്‍ തനിക്ക് വലിയ ആകര്‍ഷണം തോന്നിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: Jasprit Bumrah says that Shane Bond played a major role in shaping his career