ബെംഗളൂരു: ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ കായികക്ഷമതാ പരിശോധന നടത്താന്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) വിസമ്മതിച്ചതിനെച്ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദം. 

പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി കളിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ബുംറയ്ക്ക് വീണ്ടും ദേശീയടീമിലെത്തണമെങ്കില്‍ എന്‍.സി.എ.യില്‍നിന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. എന്നാല്‍, ബുംറയുടെ കാര്യത്തില്‍ എന്‍.സി.എ. താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഫിറ്റ്നസ് ടെസ്റ്റിനായി ബുംറ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയെങ്കിലും പരിശോധന നടത്താന്‍ തയ്യാറല്ലെന്ന മറുപടിയാണ് എന്‍.സി.എ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറപ്പിസ്റ്റ് ആഷിഖ് കൗശിക്കും നല്‍കിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്‍.സി.എ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡുമായി ഇക്കാര്യം സംസാരിക്കുമെന്നും ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

പരിക്കില്‍നിന്ന് മുക്തനാവുന്നതിന് എന്‍.സി.എ.യുടെ സേവനം തേടാന്‍ ബുംറ വിസമ്മതിച്ചിരുന്നു. എന്‍.സി.എ.യിലേക്ക് പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് ടീം മാനേജ്മെന്റിനെയും അറിയിച്ചു. ബ്രിട്ടനിലെ വിദഗ്ധരുമായാണ് അദ്ദേഹം ബന്ധപ്പെട്ടിരുന്നത്. ഇതാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത് എന്നാണ് സൂചനകള്‍. അതേസമയം ദേശീയ ടീം താരങ്ങളുടെ കാര്യത്തില്‍ ആദ്യത്തെയും അവസാനത്തെയും വാക്ക് എന്‍സിഎയുടേത് തന്നെയായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.

Content Highlights:Jasprit Bumrah's fitness test issue Sourav Ganguly to speak to Rahul Dravid