Photo: AFP
മുംബൈ: പരിക്കിന്റെ പിടിയിലുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യം
കണ്ടെത്തിയതിനേക്കാള്‍ ഗുരുതരമാണ് ബുംറയുടെ പരിക്കെന്ന് ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാരണത്താല്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ സമയം താരത്തിന് പുറത്തിരിക്കേണ്ടി വരും.
ഇതോടെ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഇത്തവണത്തെ ഐ.പി.എല്ലിലും ബുംറയ്ക്ക് കളിക്കാനാകില്ല. താരത്തിന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരത്തിന് കളിക്കാനായേക്കില്ല. കടുത്ത നടുവേദനയെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്.
2022 സെപ്റ്റംബര്‍ 25-ന് ഓസ്‌ട്രേലിയക്കെതിരേ നടന്ന ട്വന്റി 20 മത്സരത്തിലാണ് ബുംറ അവസാനമായി കളത്തിലിറങ്ങിയത്. പിന്നീട് അഞ്ച് മാസത്തോളമായി താരം ടീമിന് പുറത്താണ്. ബുംറയെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി സജ്ജനാക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ബുംറ കളിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍.സി.എ.) നിന്ന് ബുംറയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പ്, ട്വന്റി 20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ നാട്ടിലെ പരമ്പരകള്‍ ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പര തുടങ്ങിയവയെല്ലാം താരത്തിന് നഷ്ടമായിരുന്നു. ബുംറയുടെ പുരോഗതി ബി.സി.സി.ഐ. നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം താരത്തിന്റെ ജോലിഭാരത്തിന്റെ കാര്യത്തിലും നിരീക്ഷണമുണ്ടാകും. ജൂണിലോ ജൂലായിലോ ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തുടര്‍ന്ന് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ബുംറയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ബോര്‍ഡ് കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Content Highlights: Jasprit Bumrah return could take longer unlikely even for IPL
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..