മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ ആറു വിക്കറ്റ് വീഴ്ത്തി ഓസീസിനെ തകര്‍ത്ത പ്രകടനത്തോടെ റെക്കോഡ് ബുക്കിലിടം നേടി ഇന്ത്യയുടെ ജസ്പ്രീത് ബുംറ. 39 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബുംറ ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ടെസ്റ്റിലെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ ഈ വര്‍ഷം 45 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്.
1979-ല്‍ അരങ്ങേറ്റ വര്‍ഷത്തില്‍ ഇന്ത്യയ്ക്കായി 40 വിക്കറ്റ് വീഴ്ത്തിയ ദിലീപ് ദോഷിയെയാണ് അദ്ദേഹം മറികടന്നത്. വെള്ളിയാഴ്ചത്തെ ആറു വിക്കറ്റ് പ്രകടനത്തോടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബുംറ തകര്‍ത്തത്. 1996-ല്‍ 37 വിക്കറ്റുകള്‍ വീഴ്ത്തിയ വെങ്കിടേഷ് പ്രസാദാണ് മൂന്നാമത്. 1988-ല്‍ നരേന്ദ്ര ഹിര്‍വാനി 36 വിക്കറ്റും 2006-ല്‍ ശ്രീശാന്ത് 35 വിക്കറ്റും നേടിയിട്ടുണ്ട്.
മാത്രമല്ല ഒരു കലണ്ടര്‍ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോഡും ഇതോടെ ബുംറയുടെ പേരിലായി. ഓസീസിനെതിരേ 33 റണ്‍സ് വഴങ്ങിയാണ് ബുംറ ആറു വിക്കറ്റ് പിഴുതത്. മാര്‍ക്കസ് ഹാരിസ്, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരെയാണ് ബുംറ പുറത്താക്കിയത്.
താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഈ വര്‍ഷം ജനുവരിയില്‍ ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരേ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതായിരുന്നു ഇതിനു മുമ്പുള്ള ബൂമ്രയുടെ മികച്ച ബൗളിംഗ്. ഇതിനിടെ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ബുംറയുടെ സ്ലോ യോര്‍ക്കര്‍ ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
Content Highlights: jasprit bumrah record six wickets at mcg