ന്യൂഡല്‍ഹി: 2020-ല്‍ ഏറ്റവുമധികം പ്രതിഫലം പറ്റിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന ഖ്യാതി നേടിയെടുത്ത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ബി.സി.സി.ഐ യുടെ കണക്കുപ്രകാരം ബുംറയാണ് ഈ വര്‍ഷം ഏറ്റവുമധികം പ്രതിഫലം പറ്റിയ ഇന്ത്യന്‍ താരം. 

1.38 കോടിയാണ് താരം ഈ വര്‍ഷം സമ്പാദിച്ചത്. ഈ നേട്ടത്തിലൂടെ ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ വിരാട് കോലിയെവരെ ബുംറ പിന്നിലാക്കി. ബി.സി.സി.ഐയുടെ എ.പ്ലസ് വിഭാഗത്തിലാണ് ബുംറ ഉള്‍പ്പെടുന്നത്. 

ഈ വര്‍ഷം ഇതുവരെ നാല് ടെസ്റ്റുകളിലും ഒന്‍പത് ഏകദിനങ്ങളിലും എട്ട് ട്വന്റി 20 മത്സരങ്ങളിലും ബുംറ കളിച്ചു. വാര്‍ഷിക കോണ്‍ട്രാക്റ്റ് ഫീ ഉള്‍പ്പെടാതെയാണ് ബുംറ 1.38 കോടി രൂപ കീശയിലാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ താരത്തിന് 15 ലക്ഷം രൂപ ലഭിക്കും. ഏകദിനമത്സരത്തിന് ആറുലക്ഷവും ട്വന്റി 20 യ്ക്ക് മൂന്നുലക്ഷവും ലഭിക്കും. 

കോലി 1.29 കോടി രൂപയാണ് ഈ വര്‍ഷം സ്വന്തമാക്കിയത്. ബോക്‌സിങ് ഡേ ടെസ്റ്റ് കളിച്ചിരുന്നെങ്കില്‍ താരം ബുംറയെ മറികടന്നേനേ. ഈ വര്‍ഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഒന്‍പത് ഏകദിനങ്ങളിലും 10 ട്വന്റി 20 മത്സരങ്ങളിലും കോലി ഇന്ത്യയെ നയിച്ചു. 

96 ലക്ഷം രൂപ നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പട്ടികയില്‍ മൂന്നാമത്. എന്നാല്‍ ഇതില്‍ അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായിട്ടുള്ള രോഹിത് ശര്‍മയ്ക്ക് ആദ്യ അഞ്ചുസ്ഥാനങ്ങളില്‍ എത്താനായില്ല. പരിക്കുമൂലം ഇന്ത്യയ്ക്ക് വേണ്ടി കാര്യമായി കളിക്കാന്‍ താരത്തിന് സാധിച്ചില്ല. 

Content Highlights: Jasprit Bumrah pips Virat Kohli to become BCCI's highest-paid player in 2020