സൂറത്ത്: ക്രിസ്മസ് ദിവസമായ ബുധനാഴ്ച നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനെതിരായ ഗുജറാത്ത് ടീമില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. 

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ബുംറ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്.

പരിക്ക് കാരണം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ടീമിന് പുറത്തായിരുന്ന ബുംറയെ ശ്രീലങ്കയ്ക്കും ഓസ്ട്രേലിയക്കും എതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതിനാല്‍ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായി ബുംറ കേരളത്തിനെതിരേ കളിച്ചെക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മത്സര ക്രിക്കറ്റിലേക്ക് പെട്ടെന്നുള്ള ഒരു തിരിച്ചുവരവിന് ബുംറയ്ക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം താരം സൗരവ് ഗാംഗുലിയേയും ജയ് ഷായേയും അറിയിക്കുകയും ചെയ്തു. ഇതോടെ ബുംറയുടെ ഇടവേള നീട്ടിനല്‍കാനും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയെന്നും ഗാംഗുലി നിര്‍ദേശിക്കുകയായിരുന്നു. രഞ്ജി മത്സരത്തില്‍ നിന്ന് ബുംറയെ പിന്‍വലിക്കുകയും ചെയ്തു.

ഈ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരേ ജമൈക്കയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ബുംറ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഈ ടെസ്റ്റില്‍ താരം ഹാട്രിക്കും നേടിയിരുന്നു. പിന്നാലെ പരിക്കേറ്റതോടെ നാട്ടില്‍ നടന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് പരമ്പരകളില്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Content Highlights: Jasprit Bumrah not playing Ranji match after Sourav Ganguly intervention