മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ജസ്പ്രീത് ബുംറയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

ബാറ്റ്‌സ്മാന്‍മാര്‍ ഇപ്പോള്‍ ബുംറയ്‌ക്കെതിരേ പ്രതിരോധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ വിക്കറ്റെടുക്കാന്‍ താരം കുറച്ചുകൂടി ആക്രമണോത്സുകത കാണിക്കണമെന്ന് സഹീര്‍ പറഞ്ഞു. ഈ വര്‍ഷങ്ങള്‍ക്കിടെ ബുംറയെപോലൊരാള്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളോടെല്ലാം അദ്ദേഹം പോരാടിയെ മതിയാകൂ എന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

'ബുംറയുടെ ഓവറുകളില്‍ 35 റണ്‍സേ എടുക്കാനായുള്ളൂവെങ്കിലും സാരമില്ല അദ്ദേഹത്തിന് വിക്കറ്റ് സമ്മാനിക്കാതിരുന്നാല്‍ മതി എന്നാണ് ടീമുകള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം മറ്റു ബൗളര്‍മാരെ അക്രമിച്ച് റണ്‍സടിച്ചുകൂട്ടാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇക്കാര്യമാണ് ബുംറ മനസ്സിലാക്കേണ്ടത്. ബാറ്റ്‌സ്മാന്‍മാര്‍ ഇത്തരത്തില്‍ പ്രതിരോധാത്മക സമീപനം സ്വീകരിക്കുമ്പോള്‍ വിക്കറ്റെടുക്കാന്‍ ബുംറ കുറച്ചുകൂടി ആക്രമണോത്സുകത കാട്ടണം.

തനിക്കെതിരേ ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധാത്മക സമീപനമേ സ്വീകരിക്കൂ എന്ന് ബുംറയ്ക്കിപ്പോള്‍ നന്നായി അറിയാം. അതിനാല്‍ തന്നെ ബാറ്റ്‌സ്മാന്‍ പിഴവ് വരുത്തുന്നതുവരെ കാക്കാതെ അദ്ദേഹം വിക്കറ്റിനായി തന്നെ ശ്രമിക്കണം',- സഹീര്‍ ഖാന്‍ പറഞ്ഞു.

Content Highlights: Jasprit Bumrah needs to be extra aggressive said Zaheer Khan