മെല്‍ബണ്‍: ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന 34 കൊല്ലത്തെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ പേസ് ത്രയം. 2018-ല്‍ ഇതുവരെ 133 വിക്കറ്റുകളാണ് ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ചേര്‍ന്ന് നേടിയത്. 

1984-ല്‍ വിന്‍ഡീസ് ത്രയം (ജോയല്‍ ഗാര്‍ണര്‍, മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍) എന്നിവര്‍ നേടിയ 130 വിക്കറ്റായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ബുംറ 47 വിക്കറ്റും ഷമി 46 വിക്കറ്റും നേടി. ബുംറ ഒമ്പത് ടെസ്റ്റിലും ഷമി 12 മത്സരങ്ങളിലുമാണ് ഇത്രയും വിക്കറ്റെടുത്തത്. 40 വിക്കറ്റെടുക്കാന്‍ ഇഷാന്ത് 11 മത്സരം കളിച്ചു.

ഈ വര്‍ഷം ഇന്ത്യയുടെ ഒമ്പത് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും ഒരു പാര്‍ട്ട് ടൈം ബൗളറും ചേര്‍ന്ന് 259 വിക്കറ്റ് സ്വന്തമാക്കി. 14 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം.1979-ല്‍ 17 മത്സരങ്ങളില്‍ 237 വിക്കറ്റെന്ന ഇന്ത്യന്‍ റെക്കോഡ് മറികടന്നു. 

40 ടെസ്റ്റ് പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടങ്കയ്യന്‍ ബൗളറാണ് രവീന്ദ്ര ജഡേജ. ജഡേജയ്ക്ക് 190 വിക്കറ്റായി. 175 വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണിന്റെ പേരിലായിരുന്നു റെക്കോഡ്.

Content Highlights: Jasprit Bumrah, Ishant Sharma and Mohammed Shami Trio creates history