സിഡ്‌നി: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം പരിശീലന മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 194 റണ്‍സിന് പുറത്തായി ഇന്ത്യ എ ടീം. അഡ്‌ലെയ്ഡില്‍ ഈ മാസം 17-ന് ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലാണ് ഇന്ത്യ പരിശീലന മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ചയ്ക്കാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. 

57 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുന്‍നിര കളിമറന്ന മത്സരത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ബുംറ എല്ലാവരെയും ഞെട്ടിച്ചു. ഏതൊരു ഫോര്‍മാറ്റിലുമായി ബുംറ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറിയാണിത്.

ബുംറയ്ക്ക് പുറമേ ഓപ്പണര്‍ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 29 പന്തുകള്‍ നേരിട്ട പൃഥ്വി എട്ടു ഫോറുകളടക്കം 40 റണ്‍സെടുത്തപ്പോള്‍ 58 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറു ഫോറുമടക്കം ഗില്‍ 43 റണ്‍സെടുത്തു. 

പത്താം വിക്കറ്റില്‍ ബുംറയ്‌ക്കൊപ്പം മികച്ച ബാറ്റിങ് പുറത്തെടുത്ത സിറാജ് 34 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്താണ് പുറത്തായത്. 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബുംറ - സിറാജ് സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

മായങ്ക് അഗര്‍വാള്‍ (2), ഹനുമ വിഹാരി (15), അജിങ്ക്യ രഹാനെ (4), ഋഷഭ് പന്ത് (5), വൃദ്ധിമാന്‍ സാഹ (0) എന്നിവരെല്ലാം പിങ്ക് പന്തില്‍ വിറച്ചു.

ഓസ്‌ട്രേലിയ എയ്ക്കായി സീന്‍ അബ്ബോട്ടും ജാക്ക് വൈല്‍ഡര്‍മത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

മഴ മൂലം കളി തടസപ്പെടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ എ. മാര്‍ക്കസ് ഹാരിസ് (22*), നിക് മാഡിന്‍സണ്‍ (12*) എന്നിവരാണ് ക്രീസില്‍. ജോ ബേണ്‍സിന്റെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്.

Content Highlights: Jasprit Bumrah hits his 1st 50 in any format as India are bundled out for 194