കിങ്‌സ്റ്റണ്‍: ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വെസ്റ്റിന്‍ഡീസ് പേസ് ഇതിഹാസം കേര്‍ട്ട്‌ലി ആംബ്രോസ്. 

മറ്റു ബൗളര്‍മാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് ബുംറയെന്ന് അഭിപ്രായപ്പെട്ട ആംബ്രോസ് താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും കൂട്ടിച്ചേര്‍ത്തു. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ ടെസ്റ്റില്‍ ബുംറയ്ക്ക് 400 വിക്കറ്റുകള്‍ സ്വന്തമാക്കാനാകുമെന്നും ആംബ്രോസ് ചൂണ്ടിക്കാട്ടി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഇന്ത്യയ്ക്ക് ഏതാനും മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്. ഞാന്‍ ജസ്പ്രീത് ബുംറയുടെ ഒരു കടുത്ത ആരാധകനാണ്. അദ്ദേഹം ഞാന്‍ കണ്ട മറ്റ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാണ്. ആരാഗ്യവാനായും കായികക്ഷമതയോടെയും ഇരിക്കാന്‍ സാധിക്കുന്ന കാലത്തോളം അദ്ദേഹത്തിന് പന്ത് സീം ചെയ്യിക്കാനും സ്വിങ് ചെയ്യിക്കാനും മികച്ച യോര്‍ക്കറുകള്‍ എറിയാനും സാധിക്കും. ഒരുപാട് ആയുധങ്ങള്‍ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. കൂടുതല്‍ കാലം കളിക്കളത്തില്‍ തുടരാന്‍ സാധിച്ചാല്‍ അദ്ദേഹത്തിന് അവിടേക്കെത്താന്‍ (400 വിക്കറ്റ് ക്ലബ്ബ്) സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' - ആംബ്രോസ് പറഞ്ഞു.

57-കാരനായ ആംബ്രോസ് വിന്‍ഡീസിനായി 98 ടെസ്റ്റില്‍ നിന്ന് 405 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.

Content Highlights: Jasprit Bumrah can take 400 Test wickets says Curtly Ambrose