ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളര്‍ എന്ന റെക്കോഡാണ് താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 

100 വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുംറയ്ക്ക് വെറും 24 ടെസ്റ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഇതോടെ കപില്‍ദേവിന്റെ പേരിലുള്ള ദീര്‍ഘകാല റെക്കോഡ് പഴങ്കഥയായി. 25 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ ദേവ് 100 വിക്കറ്റ് വീഴ്ത്തിയത്. 

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം 65-ാം ഓവറില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഒലി പോപ്പിനെ പുറത്താക്കിയാണ് ബുംറ റെക്കോഡ് സ്വന്തമാക്കിയത്‌. ഇതോടൊപ്പം മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. മികച്ച ശരാശരിയില്‍ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തം പേരില്‍ കുറിച്ചത്. 22.45 ആണ് ബുംറയുടെ ബൗളിങ് ശരാശരി. 

സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് അതിവേഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 100 വിക്കറ്റ് വീഴ്ത്തിയ താരം. വെറും 18 ടെസ്റ്റുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 16 ടെസ്റ്റുകളില്‍ നിന്നും 100 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ജോര്‍ജ് ലോമാനിന്റെ പേരിലാണ് ലോകറെക്കോഡ്.

Content Highlights: Jasprit Bumrah breaks legendary Kapil Dev's long-standing record with 100th Test wicket for India