ന്യൂഡല്‍ഹി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ക്രിക്കറ്റ് പണ്ഡിതര്‍ വരെ ഇക്കാര്യം ശരിവെയ്ക്കുകയും ചെയ്യും. ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതും ടെസ്റ്റില്‍ അഞ്ചാം സ്ഥാനത്തുമാണ് ബുംറ. ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാരെ പലരെയും ബുംറ തന്റെ പേസും സ്വിങ്ങും സ്ലോബോളും കൊണ്ട് വെള്ളം കുടിപ്പിക്കുന്നതും പതിവാണ്.

എന്നാല്‍, ഇത്രയൊക്കെയാണെങ്കിലും മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന് ബുംറ വെറുമൊരു 'ബേബി ബൗളറാണ്'. 'ഇന്‍സൈഡ് ഔട്ട് വിത്ത് യൂസഫ് അന്‍ജും' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ മികവിനെ ചോദ്യം ചെയ്ത് റസാഖ് രംഗത്തെത്തിയത്.

വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ വമ്പന്‍മാര്‍ക്കൊപ്പം കളിച്ചിട്ടുള്ള തനിക്ക് ബുംറയുടെ പന്തുകള്‍ യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ലെന്നും റസാഖ് പറഞ്ഞു. ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കില്‍ ബുംറയ്ക്കുമേല്‍ അനായാസം ആധിപത്യം സ്ഥാപിക്കാന്‍ തനിക്കാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് ലോകമെമ്പാടുമുള്ള ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ ഞാന്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ബുംറയെ നേരിടാന്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നെ നേരിടുമ്പോള്‍ സമ്മര്‍ദം ബുംറയ്ക്കാകും. കാരണം ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം, ഷുഐബ് അക്തര്‍ തുടങ്ങിയ ബൗളര്‍മാരെ നേരിടുമ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. അതിനാല്‍ തന്നെ എന്നെ സംബന്ധിച്ച് ബുംറ ഒരു ബേബി ബൗളറാണ്, എനിക്ക് അനായാസം അവനുമേല്‍ ആധിപത്യം സ്ഥാപിക്കാനാകും'', റസാഖ് വ്യക്തമാക്കി.

Content Highlights: Jasprit Bumrah a baby bowler, Former Pakistan allrounder Abdul Razzaq