ജോഹന്നാസ്ബര്‍ഗ്: ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ കുഴക്കിയ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറില്ല. ആന്‍ഡേഴ്‌സണെ ഏറ്റവും പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയും ഓസീസിന്റെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങുമാണ്. ഐ.പി.എല്ലിനിടെ ഷെയ്ന്‍ വോണുമായി നടത്തിയ ടെലിവിഷന്‍ പരിപാടിയിലാണ് ആന്‍ഡേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഷെയ്ന്‍ വോണിനെ വെള്ളംകുടിപ്പിച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുണ്ട്. ബ്രയാന്‍ ലാറ, ജാക്ക് കാലിസ്, കെവിന്‍ പീറ്റേഴ്‌സണ്‍, ഗ്രഹാം ഗൂച്ച് എന്നീ ബാറ്റ്‌സ്മാന്‍ തന്റെ ടെസ്റ്റ് കരിയറില്‍ ഒരുപാട് കുഴക്കിയിട്ടുണ്ടെന്ന് വോണ്‍ പറയുന്നു.
''പോണ്ടിങ്ങിനെതിരെ പന്തെറിയാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയില്‍ നടക്കുന്ന കളിയില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാഷിം അംലക്കെതിരെയും പന്തെറിയാന്‍ പ്രയാസമാണ്'' ആന്‍ഡേഴ്‌സണ്‍ പറയുന്നു.
ജൂലായില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്. ഹാഷിം അംലയും ആന്‍ഡേഴ്‌സും അന്ന് നേര്‍ക്കുനേര്‍ വരും. 122 ടെസ്റ്റുകളില്‍ കളിച്ച ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റെടുത്ത താരമാണ്. 28.50 ശരാശരിയില്‍ 467 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്.