ലണ്ടൻ: ക്രിക്കറ്റിൽ നിലവിലെ മികച്ച രണ്ട് താരങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഇംഗ്ലീഷ് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണും. ഇരുവരും എതിരാളികളായി എത്തുമ്പോൾ ആരാധകർക്ക് എന്നും ആവേശമാണ്. 2014-ലെ പരമ്പരയിൽ ആൻഡേഴ്സണാണ് മേൽക്കൈ നേടിയതെങ്കിൽ 2018 കോലിയുടേതായിരുന്നു. 2014-ൽ നാല് തവണയാണ് ആൻഡേഴ്സൺ കോലിയെ പുറത്താക്കിയത്. എന്നാൽ 2018-ൽ കോലിയുടെ വളർച്ച കണ്ടു. രണ്ടു സെഞ്ചുറി സ്വന്തമാക്കിയ കോലി ആൻഡേഴ്സൺന്റെ ബൗളിങ്ങിന് മുന്നിൽ പകച്ചില്ല.
വിരാട് കോലിയിൽ ഉണ്ടായ ഈ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ആൻഡേഴ്സൺ. നാല് വർഷത്തെ കാലയളവിൽ കോലി മികച്ച ബാറ്റ്സ്മാനായി വളർന്നുവെന്ന് ആൻഡേഴ്സൺ പറയുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റിൽ 600 വിക്കറ്റ് പൂർത്തിയാക്കി റെക്കോഡിട്ട ആൻഡേഴ്സൺ ടെസ്റ്റ് മാച്ച് സ്പെഷ്യൽ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു.
'2014-ൽ കോലി എന്റെ ബൗളിങ്ങിന് മുന്നിൽ വലഞ്ഞു. 10 ഇന്നിങ്സിൽ നിന്ന് ആകെ 134 റൺസ് മാത്രമാണ് കോലി നേടിയത്. എന്നാൽ 2018-ൽ അന്നത്തെ കോലിയെ അല്ല ഞാൻ കണ്ടത്. രണ്ടു സെഞ്ചുറിയും മൂന്നു അർധ സെഞ്ചുറിയും സഹിതം 593 റൺസാണ് കോലി ആ പരമ്പരയിൽ നേടിയത്.' ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.
Content Highlights: James Anderson, Virat Kohli