ലോര്‍ഡ്സ്: ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് ചരിത്രനേട്ടം. ലോര്‍ഡ്സ് ഗ്രൗണ്ടില്‍ നൂറു വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ തന്റെ എട്ടാം പന്തില്‍ മുരളി വിജയിയെ ബെയര്‍സ്റ്റോവിന്റെ കൈകളിലെത്തിച്ചാണ് ആന്‍ഡേഴ്‌സണ്‍ ശതകം പൂര്‍ത്തിയാക്കിയത്. നിലവില്‍ ലോകത്തെ മികച്ച ടെസ്റ്റ് ബൗളറായ ആന്‍ഡേഴ്‌സണ്‍ന്റെ 550-ാം ടെസ്റ്റ് വിക്കറ്റ് കൂടിയാണിത്.
നേരത്തെ ആദ്യ ഇന്നിങ്‌സിലും ആന്‍ഡേഴ്‌സണ്‍ മുരളി വിജയിയെ പുറത്താക്കിയിരുന്നു. ഇതോടെ മുരളി വിജയിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന നേട്ടവും ഇംഗ്ലീഷ് പേസര്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ഏഴാം തവണയാണ് വിജയിയെ ആന്‍ഡേഴ്സണ്‍ പുറത്താക്കുന്നത്.
ലോര്‍ഡ്‌സില്‍ തന്റെ 23-ാം ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ നൂറു വിക്കറ്റെന്ന നേട്ടം പിന്നിട്ടത്. ലോര്‍ഡ്‌സില്‍ ആകെ 895.5 ഓവര്‍ എറിഞ്ഞ ആന്‍ഡേഴ്‌സണ് 24.38 ബൗളിങ് ശരാശരിയും 53.7 സ്‌ട്രൈക്ക് റേറ്റുമുണ്ട്.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ തുടങ്ങുംമുമ്പ് 94 വിക്കറ്റായിരുന്നു ആന്‍ഡേഴ്‌സണ്‍ന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയതോടെ അത് 99-ലെത്തി. മുരളി വിജയിയെ പുറത്താക്കിയതോടെ നൂറിലും. ആദ്യ ഇന്നിങ്‌സില്‍ മുരളി വിജയ്, കെ.എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. മഴ തളി തടസ്സപ്പെടുത്തിയപ്പോള്‍ 3.3 ഓവറില്‍ ആറു റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലായിരുന്നു ആന്‍ഡേഴ്‌സണ്‍ന്റെ സ്‌പെല്‍.
ആന്‍ഡേഴ്സണ് മുമ്പ് മുത്തയ്യ മുരളീധരനാണ് ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്. ശ്രീലങ്കയിലെ ഗോള്‍ സ്റ്റേഡിയത്തില്‍ 111 വിക്കറ്റും കാന്‍ഡിയിലെ അസ്ഗിരിയ സ്റ്റേഡിയത്തില്‍ 117 വിക്കറ്റും കൊളംബോയിലെ എസ്.എസ്.സി സ്റ്റേഡിയത്തില്‍ 166 വിക്കറ്റും നേടിയിട്ടുണ്ട് മുരളീധരന്‍. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബൗളറായ ഇംഗ്ലീഷ് പേസറുടെ 550-ാമത്തെ ഇരയാണ് മുരളി വിജയ്.
Content Highlights: James Anderson claims 100 Test wickets at Lord’s