ഓവല്‍: ഓവലില്‍ ഇന്ത്യയുടെ അവസാന വിക്കറ്റായി മുഹമ്മദ് ഷമിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് ആഘോഷിച്ചത് ടെസ്റ്റ് വിജയം മാത്രമായിരുന്നില്ല. തങ്ങളുടെ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ടെസ്റ്റിലെ ഒരു നാഴികക്കല്ല് കൂടിയായിരുന്നു.
ഷമിയെ പുറത്താക്കി ആന്‍ഡേഴ്‌സന്‍ നേരെ ചെന്നു കയറിയത് റെക്കോഡ് ബുക്കിലേക്കായിരുന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡ് ഇനി ആന്‍ഡേഴ്‌സനു സ്വന്തം. ഓവലില്‍ ഇന്ത്യയ്ക്കെതിരേ മുഹമ്മദ് ഷമിയുടെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചപ്പോള്‍ ആന്‍ഡേഴ്‌സന്റെ വിക്കറ്റ് നേട്ടം 564 ആയി. 563 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസിസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോഡാണ് ആന്‍ഡേഴ്‌സന്‍ മറികടന്നത്.
രസകരമായ സംഗതി എന്തെന്നാല്‍ മഗ്രാത്തിന്റെ 563-ാം വിക്കറ്റ് ആന്‍ഡേഴ്‌സനായിരുന്നു. വിരമിച്ചതിനു ശേഷവും ഒരു ദശാബ്ദത്തിലേറെ കാലം കൈവശംവെച്ച റെക്കോഡാണ് മഗ്രാത്തില്‍ നിന്ന് ഇപ്പോള്‍ ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ 143-ാം ടെസ്റ്റിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വിന്‍ഡീസ് താരം കോട്‌നി വാല്‍ഷ് പട്ടികയില്‍ ആറാം സ്ഥാനത്താണ് (519). 434 വിക്കറ്റുകളോടെ ഇന്ത്യയുടെ കപില്‍ ദേവ് ഏഴാമതുണ്ട്. ആന്‍ഡേഴ്‌സന്റെ സഹതാരമായ സ്റ്റുവര്‍ട്ട് ബ്രോഡാണ് 433 വിക്കറ്റുകളുമായി പട്ടികയില്‍ അഞ്ചാമത്. പട്ടികയിലെ ആദ്യ മൂന്നു പേരും സ്പിന്നര്‍മാരാണ്. 800 വിക്കറ്റുകളോടെ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് മൂന്നില്‍. 708 വിക്കറ്റുകളുമായി ഓസിസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാമത് തുടരുന്നു. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണ് മൂന്നാമത്.
എല്ലാ സാങ്കേതികത്തികവും അവകാശപ്പെടാനില്ലാത്ത പേസറാണെങ്കിലും പിച്ചിലെ തന്ത്രശാലിയായ ബൗളറായിരുന്നു ആന്‍ഡേഴ്‌സന്‍. തന്റെ കുറവുകള്‍ മനസിലാക്കി പന്തെറിഞ്ഞിരുന്നയാള്‍. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഇതിന്റെ ഭാഗമായിരുന്നു.
ഇന്ത്യയ്ക്കെതിരേ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് നേട്ടം (110). ഓസിസിന്റെ 104 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പാകിസ്താനെതിരെ 63 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
Content Highlights: James Anderson breaks Glenn McGrath's record