സതാംപ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായി ഇംഗ്ലീഷ് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. സതാംപ്റ്റണിൽ നടക്കുന്ന പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിലാണ് ആൻഡേഴ്സൺ റെക്കോഡ് നേട്ടത്തിലെത്തിയത്.

പാകിസ്താന്റെ രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ അസ്ഹർ അലിയെ പുറത്താക്കിയതോടെ ഇംഗ്ലീഷ് പേസ് ബൗളർ 600 വിക്കറ്റ് പൂർത്തിയാക്കി. 114 പന്തിൽ 31 റൺസെടുത്ത അസ്ഹർ അലിയെ സ്ലിപ്പിൽ ജോ റൂട്ട് ക്യാച്ചെടുക്കുകയായിരുന്നു.

ടെസ്റ്റിൽ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളറെന്ന റെക്കോഡും ഇംഗ്ലീഷ് താരം സ്വന്തമാക്കി. ഇതിന് മുമ്പ് സ്പിന്നർമാരായ ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, അനിൽ കുംബ്ലെ എന്നിവരാണ് 600 വിക്കറ്റ് നേടിയിട്ടുള്ളത്.

ടെസ്റ്റിൽ 800 വിക്കറ്റുകളാണ് ലങ്കൻ താരമായിരുന്ന മുരളീധരന്റെ അക്കൗണ്ടിലുള്ളത്. ഓസീസിന്റെ മുൻതാരം വോൺ വീഴ്ത്തിയത് 708 ടെസ്റ്റ് വിക്കറ്റുകളാണ്. അനിൽ കുംബ്ലെ 619 വിക്കറ്റ് നേടി.

നാലാം സ്ഥാനത്തുള്ള ആൻഡേഴ്സണ് പിന്നിലുള്ളത് 563 വിക്കറ്റെടുത്ത ഓസീസിന്റെ മുൻ പേസർ ഗ്ലെൻ മഗ്രാത്താണ്. 519 വിക്കറ്റുമായി കോട്നി വാൽഷ് ആറാമതും 514 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡ് ഏഴാമതുമുണ്ട്. 439 വിക്കറ്റെടുത്ത ഡെയ്ൽ സ്റ്റെയ്നാണ് എട്ടാം സ്ഥാനത്ത്. കപിൽ ദേവ് (434), രംഗണ ഹെറാത്ത് (433) എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളിൽ.