തന്നിലെ പ്രതിഭയുടെ കരുത്ത് പലവട്ടം തെളിയിച്ചിട്ടും ഇന്ത്യന്‍ ടീമിലേക്കു പ്രവേശനം ലഭിക്കാത്തതിന്റെ കലിപ്പ് കേരളത്തിനായാണ് ജലജ് സക്‌സേന തീര്‍ക്കുന്നത്. സെമിയിലെത്തിയ കേരളത്തിന്റെ രഞ്ജി കുതിപ്പില്‍ നിര്‍ണായകമായതും ഈ മധ്യപ്രദേശുകാരന്‍ ഓള്‍ റൗണ്ടറുടെ സാന്നിധ്യമായിരുന്നു. 

ഗ്രൂപ്പ് സ്റ്റേജിലെ ഏഴു മത്സരങ്ങളില്‍ നിന്ന് 479 റണ്‍സ് നേടിയ ജലജ് സക്‌സേനയുടെ പ്രകടനം തന്നെയാണ് കേരളത്തിന്റെ പ്രകടനത്തില്‍ നിര്‍ണായകമായത്. രണ്ടു സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും ഇതുവരെ സക്‌സേന സ്വന്തം പേരിലാക്കിയിട്ടുണ്ട്. പരിക്ക് കാരണം ഹിമാചലിനെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് കോലി എത്ര പ്രധാനപ്പെട്ടതാണോ അതാണ് കേരളത്തിന് ജലജ് സക്സേന. ഇത്തവണ കേരളം പരാജയപ്പെട്ട മൂന്നു മത്സരങ്ങളിലും സക്‌സേനയ്ക്ക് തിളങ്ങാനായിരുന്നില്ല എന്നതില്‍ തന്നെയുണ്ട് അദ്ദേഹത്തിന്റെ പ്രാധാന്യം. 

'കേരള ക്രിക്കറ്റ് ടീമില്‍ ബംഗാളിയെപ്പോലെ പണിയെടുക്കുന്നവന്‍' എന്നാണ് താരത്തെ ആരാധകര്‍ സ്‌നേഹത്തോടെ വിശേഷിപ്പിക്കുന്നത്. ഈ സീസണില്‍ കേരളത്തിന് ആദ്യ ജയമൊരുക്കിയതും സക്‌സേനയുടെ ഓള്‍റൗണ്ട് മികവായിരുന്നു. ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് വീഴ്ത്തി. 133 റണ്‍സെടുത്ത് ബാറ്റിങ്ങിലും തിളങ്ങി. ഇതോടെ കളിയിലെ താരവുമായി. 

തികച്ചും ശാന്തനാണ് കേരളത്തിന്റെ ഈ മറുനാടന്‍ ഓള്‍റൗണ്ടര്‍. ബാറ്റെടുത്താല്‍ റണ്‍സടിച്ചു കൂട്ടും പന്തെടുത്താല്‍ വിക്കറ്റ് എറിഞ്ഞിടുകയും ചെയ്യും. 2005-ല്‍ കേരളത്തിനെതിരേ തന്നെയായിരുന്നു സക്‌സേനയുടെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. ഇപ്പോഴിതാ അതേ ടീമിന്റെ രഞ്ജി സ്വപ്‌നങ്ങള്‍ക്കൊപ്പവും അദ്ദേഹമുണ്ട്.

Content Highlights: jalaj saxena role in kerala's ranji run