തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് ടീമിലേയ്ക്ക് കേരളത്തിന്റെ രഞ്ജി താരം ജലജ് സക്‌സേനയെ വിളിച്ചു. ഓള്‍റൗണ്ടര്‍ കെ. ഗൗതമിന്റെ അനാരോഗ്യം കണക്കിലെടുത്താണ് സ്റ്റാന്‍ഡ്‌ബൈയായി ജലജിനെ വിളിച്ചത്. ഗൗതമിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചു. ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ മൂന്ന് വിക്കറ്റാണ് ഗൗതം നേടിയത്.

മധ്യപ്രദേശുകാരനായ ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടര്‍ ജലജ് കഴിഞ്ഞ ഏതാനും സീസണുകളായി കേരള രഞ്ജി ടീമിന്റെ നെടുന്തൂണാണ്. 2014-15, 2015-16 സീസണുകളില്‍ രഞ്ജിയിലെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ബി.സി.സി.ഐയുടെ പുരസ്‌കാരം ലഭിച്ചു. 2017-18 സീസണിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനായിരുന്നു.

ജലജിന് തുണയായത് ദുലീപ് ട്രോഫിയിലെ മികച്ച റെക്കോഡാണ്. ഇന്ത്യ ബ്ലൂവിനുവേണ്ടി 162 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു ജലജ്. എന്നാല്‍, 19 റണ്‍സ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ട് ലയണസിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ച നവദീപ് സെയ്‌നിക്ക് പിറകില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായിരുന്നു. നാല് ഇന്നിങ്‌സിലായി ഏഴ് വിക്കറ്റാണ് ജലജ് വീഴ്ത്തിയത്. അനില്‍ കുംബ്ലെയ്ക്ക് പുറമെ ഒരു രഞ്ജി ട്രോഫി മത്സരത്തില്‍ 16 വിക്കറ്റ് വീഴ്ത്തിയ ഏക ബൗളര്‍ കൂടിയാണ് ജലജ്. ഒരേ മത്സരത്തില്‍ സെഞ്ചുറി നേടുകയും രണ്ട് തവണ എട്ടു വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്ത ഏക കളിക്കാരനുമാണ്.

ഒരു പതിറ്റാണ്ട് കാലം മധ്യപ്രദേശിനെ പ്രതിനിധീകരിച്ച ജലജ് 2016-17 സീസണിലാണ് കേരളത്തിലെത്തിയത്.

Content Highlights: Jalaj Saxena Calle to India A Squad as Cover for K.Gowtham in Unofficial Test Against South Africa A