photo: Twitter/ Ravindrasinh jadeja
ട്രിനിനാഡ്: വെള്ളിയാഴ്ച തുടങ്ങുന്ന വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ട്വന്റി-20 പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടി. ഓള്‍റൗണ്ടര്‍ ജഡേജയും ഓപ്പണര്‍ കെ.എല്‍. രാഹുലും കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കാല്‍മുട്ടിനേറ്റ പരിക്കാണ് ജഡേജയ്ക്ക് വില്ലനായത്. ജഡേജയ്ക്ക് പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളും നഷ്ടമാവാനാണ് സാധ്യത. എന്നാല്‍ ട്വന്റി-20 മത്സരങ്ങളുടെ ഭാഗമാവാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമാകൂ.
കോവിഡ് ബാധിച്ചതിനാല്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന് പരമ്പരയിലെ ട്വന്റി-20 മത്സരങ്ങള്‍ നഷ്ടമാകും. താരത്തിന് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് വിവരം വെളിപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ജൂലൈ 29 നാണ് ആരംഭിക്കുന്നത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു.
രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാതെയിറങ്ങുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ ജഡേജയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..