-
ന്യൂഡൽഹി: ലോക ക്രിക്കറ്റ് ചരിത്രത്തിൽ പേര് എഴുതിച്ചേർത്ത ഓൾറൗണ്ടർമാരായ ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), സഹീർ അബ്ബാസ് (പാകിസ്താൻ), ഇന്ത്യക്കാരിയും ഓസ്ട്രേലിയൻ വനിതാ ടീം മുൻ നായികയുമായ ലിസ സ്തലേക്കർ എന്നിവർ ഐ.സി.സി. ഹാൾ ഓഫ് ഫെമിയിൽ.
ഞായറാഴ്ചയാണ് മൂന്ന് ഇതിഹാസതാരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) ബഹുമതി പത്രത്തിൽ ഇടംനേടിയത്. ഓൺലൈനായി നടന്ന ചടങ്ങിൽ സുനിൽ ഗാവസ്കർ, മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയിലാണ് ജാക് കാലിസിന്റെ സ്ഥാനം. ഗ്രെയിം പൊള്ളോക്ക്, ബാരി റിച്ചാർഡ്സ്, അലൻ ഡൊണാൾഡ് എന്നിവർക്കു ശേഷം ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് കാലിസ്.
ദക്ഷിണാഫ്രിക്കയ്ക്കായി 166 ടെസ്റ്റിൽ നിന്ന് 55.37 ശരാശരിയിൽ 13,289 റൺസ് നേടിയ കാലിസ് 328 ഏകദിനങ്ങളിൽ നിന്ന് 44.36 ശരാശരിയിൽ 11,579 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 292 വിക്കറ്റും ഏകദിനത്തിൽ 273 വിക്കറ്റും വീഴ്ത്തി. 25 ട്വന്റി 20 മത്സരങ്ങളിലും കളിച്ച അദ്ദേഹം 666 റൺസും 12 വിക്കറ്റും നേടി.
ഹനീഫ് മുഹമ്മദ്, ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, വസീം അക്രം, വഖാർ യൂനിസ് എന്നിവർക്കു ശേഷം ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുന്ന ആറാമത്തെ പാകിസ്താൻ താരമാണ് സഹീർ അബ്ബാസ്. 1969 മുതൽ 1985 വരെ പാക് ടീമിനായി 78 ടെസ്റ്റുകളും 62 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റിൽ 5062 റൺസും ഏകദിനത്തിൽ 2572 റൺസുമാണു സമ്പാദ്യം.
ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുന്ന 27-ാമത്തെ ഓസ്ട്രേലിയൻ താരമാണ് ലിസ സ്തലേക്കർ. ബെലിൻഡ ക്ലാർക്ക് ബെറ്റി വിൽസൺ, കാരെൻ റോൾട്ടൺ, കാതറിൻ ഫിറ്റ്സ്പാട്രിക്ക് എന്നിവർക്കു ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ ഓസീസ് വനിതാ ക്രിക്കറ്ററും.
വനിതാ ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ലിസ 2013-ലാണ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഏകദിനത്തിൽ 2000 റൺസും 100 വിക്കറ്റും സ്വന്തമാക്കിയ ആകെയുള്ള അഞ്ചു വനിതാ താരങ്ങളിൽ ഒരാളാണ്. 125 ഏകദിനങ്ങളിൽ നിന്ന് 2728 റൺസും 146 വിക്കറ്റും നേടിയിട്ടുണ്ട്. ഓസീസ് വനിതാ ടീമിനൊപ്പം നാല് ലോകകപ്പ് വിജയങ്ങളിലും ലിസ പങ്കാളിയായി (2005, 2013 ഏകദിന ലോകകപ്പും 2010, 2012 വർഷങ്ങളിലെ ട്വന്റി 20 ലോകകപ്പും).
ലോക ക്രിക്കറ്റിലെ അതുല്യ നേട്ടങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് ഹാൾ ഓഫ് ഫെയിം. പുരസ്കാരം ഏർപ്പെടുത്തിയത് 2009-ൽ. ഇതുവരെ 90-പേർ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ താരങ്ങൾ ഇംഗ്ലണ്ടിൽനിന്നാണ്, 28 പേർ. ഓസ്ട്രേലിയയുടെ 26 താരങ്ങളും പട്ടികയിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..