സെന്റ് മോര്‍ട്ടിസ്: ഐസ് ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന്റെ ടീമിന് വീണ്ടും തോല്‍വി. 37 പന്തില്‍ 90 റണ്‍സടിച്ച ജാക്ക് കാലിസിന്റെ മികവില്‍ എട്ടു വിക്കറ്റിനായിരുന്നു അഫ്രീദിയുടെ ടീമിന്റെ വിജയം. ഇതോടെ 2-0ത്തിന് അഫ്രീദി ക്യാപ്റ്റനായ ടീം പരമ്പര തൂത്തുവാരി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സെവാഗിന്റെ ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ രണ്ട് ഓവറില്‍ 15 റണ്‍സടിച്ച ടീം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. എന്നാല്‍ 48 റണ്‍സ് നേടിയ സെവാഗും പുറത്താകാതെ 67 റണ്‍സടിച്ച ആന്‍ഡ്രു സൈമണ്ട്‌സും ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. മധ്യനിരയില്‍ മുഹമ്മദ് കൈഫും നന്നായി കളിച്ചു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്രീദിയുടെ ടീം അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. സ്‌കോര്‍ 28-ലെത്തി നില്‍ക്കെ മാറ്റ് പ്രയറിനെ നഷ്ടപ്പെട്ടെങ്കിലും ഒരറ്റത്ത് തകര്‍പ്പന്‍ അടിയിലൂടെ കാലിസ് കാണികളുടെ ഹൃദയം കവര്‍ന്നു. 13 ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഇന്നിങ്‌സ്. 21 പന്തില്‍ 43 റണ്‍സടിച്ച ഉവൈസ് ഷായും കാലിസിന് പിന്തുണ നല്‍കി. 

Content Highlights: Jacques Kallis slams unbeaten 90 to help Shahid Afridi’s Royals defeat Virender Sehwag’s Diamonds