പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇടത്തേ തോളെല്ലിന് പരിക്കേറ്റ ശ്രേയസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ എട്ടാം ഓവറില്‍ ബൗണ്ടറി തടയുന്നതിനായി ശ്രേയസ് ഇടതുവശത്തേക്ക് ഡൈവ് ചെയ്തു. പന്ത് കൃത്യമായി തടഞ്ഞെങ്കിലും  ഇടത്തേ വശത്തേക്ക് വീണ താരത്തിന്റെ തോളെല്ല് ഗ്രൗണ്ടില്‍ കുത്തി.

വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഉടന്‍ തന്നെ വൈദ്യ സഹായമെത്തിച്ചു. പക്ഷേ അതുകൊണ്ടൊന്നും ശ്രേയസ്സിന്റെ വേദനയ്ക്ക് ശമനമുണ്ടായില്ല. താരത്തിനെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടത്തേ തോളെല്ലിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന് ബി.സി.സി.ഐ പിന്നീട് അറിയിച്ചു. അതുകൊണ്ട് ശ്രേയസ്സിന് മത്സരം പൂര്‍ത്തീകരിക്കാനാവില്ലെന്നും ബി.സി.സി.ഐ കൂട്ടിച്ചേര്‍ത്തു. ശ്രേയസ്സിന് പകരം ശുഭ്മാന്‍ ഗില്‍ ഫീല്‍ഡ് ചെയ്യാനിറങ്ങി.  ബാറ്റ് ചെയ്യുന്നതിനിടെ മറ്റൊരു ഇന്ത്യന്‍ താരമായി രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റിരുന്നു. ഇതുകാരണം രോഹിത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം സൂര്യകുമാര്‍ യാദവാണ് ഗ്രൗണ്ടിലെത്തിയത്.

Content Highlights: Iyer suffers left shoulder subluxation, taken for scans