ലണ്ടന്‍: ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍ അവസാനിച്ചതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചായിരുന്നു. 

മുംബൈ ഇന്ത്യന്‍സ് അഞ്ചാം ഐ.പി.എല്‍ കിരീടം നേടിയതോടെ രോഹിത്തിനെ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീറും കോലിക്ക് പകരം രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള പ്രത്യേക കഴിവ് രോഹിത്തിനുണ്ടെന്നും അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു. സ്‌കൈ സ്‌പോര്‍ട്‌സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹുസൈന്‍. 

''രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യമെടുക്കുകയാണെങ്കില്‍ അദ്ദേഹം വളരെ ശാന്തനും സൗമ്യനുമാണ്. കൃത്യ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള പ്രത്യേക കഴിവ് രോഹിത്തിനുണ്ട്. വിരാട് കോലിക്ക് പകരം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് നല്‍കാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. രോഹിത്തിന്റെ റെക്കോഡുകള്‍ അവനു വേണ്ടി സംസാരിക്കും.'' - ഹുസൈന്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്തെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: it is time for Rohit to take over T20 captaincy from Virat says Nasser Hussain