ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റില്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ കളിക്കില്ല. ചിക്കുന്‍ഗുനിയ ബാധിച്ച് ചികിത്സയിലായ ഇഷാന്തിന് കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച്ച കാണ്‍പുരില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ചരിത്ര മത്സരം കളിക്കുക. 

നിലവില്‍ ഇന്ത്യയുടെ മികച്ച പേസ് ബൗളറായ ഇഷാന്ത് കഴിഞ്ഞ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ നാല് ടെസ്റ്റുകളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 72 ടെസ്റ്റുകളില്‍ നിന്നായി 209 വിക്കറ്റാണ് ഇഷാന്തിന്റെ സമ്പാദ്യം.

ഇഷാന്ത് ശര്‍മക്ക് പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലഭ്യമായ 14 കളിക്കാരില്‍ നിന്ന് ഫൈനല്‍ ഇലവനെ തെരഞ്ഞെടുക്കുമെന്നും പരിശീലകന്‍ അനില്‍ കുംബ്ലെ വ്യക്തമാക്കി. ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും ഇഷാന്തിന്റെ കുറവ് നികത്താനാകുമെന്നാണ് ടീം ഇന്ത്യ കണക്ക് കൂട്ടുന്നത്.

ന്യൂസിലാന്‍ഡും പരിക്കിന്റെ പിടിയിലാണ്. വാരിയല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ജിമ്മി നീഷാം ടീമില്‍ നിന്ന് പുറത്തായിരുന്നു. കണങ്കാലിന് പരിക്കേറ്റ ടിം സൗത്തിയും നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.