പെര്‍ത്ത്: ഇഷാന്ത് ശര്‍മയുടെ മികവില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 326 റണ്‍സിന് പുറത്താക്കിയിരുന്നു. നാല് ഓസീസ് വിക്കറ്റുകളാണ് ഇഷാന്ത് വീഴ്ത്തിയത്. 

അതേസമയം അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ ഇഷാന്ത് എറിഞ്ഞ നോ ബോളുകള്‍ അമ്പയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നത് ഓസീസ് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ചോദിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇഷാന്ത്. 

താനല്ല ഓസീസ് മാധ്യമങ്ങളാണ് ശരിക്കും ഇതിന് ഉത്തരം പറയേണ്ടത്. ഞാന്‍ ഏറെക്കാലമായി ക്രിക്കറ്റ് കളിക്കുന്നു. ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നവയാണ്. നമ്മളെല്ലാവരും മനുഷ്യന്‍മാരാണ്. തെറ്റുകള്‍ വരാം. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ആശങ്കകളില്ല, ഇഷാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിരാട് കോലിയും അജിങ്ക്യ രഹാനെയും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത്. ശക്തമായ നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. മൂന്നാം ദിനവും കോലി- രഹാനെ സഖ്യം മികവ് തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പെര്‍ത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 82 റണ്‍സോടെ കോലിയും 51 റണ്‍സോടെ രഹാനെയുമാണ് ക്രീസില്‍. 

അഡ്​ലെയ്​ഡ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ്മയുടെ നോ ബോളുകള്‍ അമ്പയര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്. തോല്‍വി അംഗീകരിക്കണമെന്നും ഇത്തരത്തില്‍ മറുവാദങ്ങള്‍ ഉയര്‍ത്തുകയല്ല വേണ്ടതെന്നും ഇതിന് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Content Highlights: ishant sharma takes a dig at australian media after being asked about no balls