കിങ്സ്റ്റണ്‍: ജസ്പ്രീത് ബുംറയുടെ ഹാട്രിക്ക് പ്രകടനത്തിനിടയിലും അപൂര്‍വ നേട്ടം സ്വന്തമാക്കി ഇഷാന്ത് ശര്‍മ.

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് ഇഷാന്തിന്റെ നേട്ടം. ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ഇഷാന്ത് സ്വന്തമാക്കിയത്.

ഏഷ്യയ്ക്ക് പുറത്ത് 45 ടെസ്റ്റുകളില്‍ നിന്ന് 155 വിക്കറ്റുകള്‍ വീഴ്ത്തിയ കപില്‍ ദേവിന്റെ റെക്കോഡാണ് ഇഷാന്ത് മറികടന്നത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജാഹ്മര്‍ ഹാമില്‍ട്ടന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഇഷാന്ത് കപിലിനെ മറികടന്നത്. 46 ടെസ്റ്റുകളില്‍ നിന്ന് ഇഷാന്തിന്റെ വിക്കറ്റ് നേട്ടം ഇതോടെ 156 ആയി. 

50 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റെടുത്തിട്ടുള്ള അനില്‍ കുബ്ലെയാണ് ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ഇന്ത്യന്‍ ബൗളര്‍.

ഏഷ്യയ്ക്ക് പുറത്ത് 38 ടെസ്റ്റില്‍ നിന്ന് സഹീര്‍ ഖാന്‍ 147 വിക്കറ്റും ബിഷന്‍ സിങ് ബേദി 34 ടെസ്റ്റില്‍ നിന്ന് 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് 28 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റുകളുമുണ്ട്.

Content Highlights: Ishant Sharma surpass Kapil Dev To Achieve Massive Record