മുംബൈ: 2017-ൽ ബെംഗളൂരുവിൽ നടന്ന ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമ പരിഹസിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. മുഖം വികൃത രൂപത്തിലാക്കിയായിരുന്നു ഇഷാന്തിന്റെ ഈ പരിഹാസം. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റിലായിരുന്നു ഈ സംഭവം. പുണെയിൽ നടന്ന ആദ്യ ടെസ്റ്റ് തോറ്റിരുന്ന ഇന്ത്യക്ക് നിർണായകമായിരുന്നു ഈ മത്സരം.

ബാറ്റിങ്ങിനിടെ വേഗത്തിൽ മുഖഭാവവും ശരീരഭാഷയും മാറ്റുന്ന സ്മിത്തിനെ അതേ രീതിയിൽ പരിഹസിക്കുകയായിരുന്നു ഇഷാന്ത്. ഇഷാന്തിന്റെ ഈ പരിഹാസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയിലും ചിരി പടർത്തി.

അന്നത്തെ ആ പരിഹാസത്തെ കുറിച്ച് സംസാരിക്കുകയാണ് ഇഷാന്ത്. 'അത് നിർണായക മത്സരമായിരുന്നു. ആ സമയത്ത് ക്രീസിൽ നിൽക്കുന്ന ബാറ്റ്സ്മാനെ അസ്വസ്ഥമാക്കാൻ എന്തെങ്കിലും ചെയ്യണമെന്നേ ആലോചിച്ചുള്ളു. അതിനാണ് മുഖം അങ്ങനെ വികൃതരൂപത്തിലാക്കിയത്. ഇത്തരത്തിലുള്ള പരിഹാസങ്ങളിൽ സ്മിത്ത് അസ്വസ്ഥനാകാറുണ്ട്. അതുകൊണ്ട് ആ തന്ത്രം പ്രയോഗിച്ചു. സ്മിത്തിനെ പുറത്താക്കിയാൽ ആ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുമായിരുന്നു.' ഇഷാന്ത് പറയുന്നു.

'വിരാട് കോലി ആക്രമണോത്സുകതയുള്ള ക്യാപ്റ്റനാണ്. സഹതാരങ്ങൾ ഗ്രൗണ്ടിൽ ആക്രമണോത്സുകത കാണിക്കുന്നത് കോലിക്ക് ഇഷ്ടവുമാണ്. 'നിങ്ങൾക്ക് എന്താണ് ചെയ്യാൻ തോന്നുന്നത് അതെല്ലാം ചെയ്തോളു, പക്ഷേ വിലക്കിനുള്ള പണിയൊപ്പിക്കരുത്.' ഗ്രൗണ്ടിലിറങ്ങുമ്പോൾ ഇതായിരിക്കും അദ്ദേഹത്തിന്റെ ഉപദേശം.' ഇഷാന്ത് കൂട്ടിച്ചേർത്തു.

ആ പരമ്പരയിൽ പുണെയിലെ ആദ്യ ടെസ്റ്റ് തോറ്റിരുന്ന ഇന്ത്യ രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും വിജയിച്ചു. പരമ്പര 2-1ന് നേടുകയും ചെയ്തു. ബെംഗളൂരുവിൽ 75 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

Content Highlights: Ishant Sharma Recalls Mocking Steve Smith