മുംബൈ: ഏകദിന അരങ്ങേറ്റത്തിനടയിലെ രസകരമായ സംഭവങ്ങൾ പങ്കുവെച്ച് ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമ. 2007-ൽ അയർലൻഡിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആയിരുന്നു ഇഷാന്തിന്റെ ഏകദിന അരങ്ങേറ്റം. അന്ന് തണുത്ത വിറക്കുന്ന കാലാവസ്ഥയിൽ കളിച്ചതും സഹീർ ഖാനിൽ നിന്ന് ഷൂ കടം വാങ്ങേണ്ടി വന്നതും ക്യാപ്റ്റനായ രാഹുൽ ദ്രാവിഡിൽ നിന്ന് ചീത്ത കേൾക്കേണ്ടി വന്നതുമെല്ലാം ഇഷാന്ത് പങ്കുവെയ്ക്കുന്നു. ഇന്ത്യൻ താരമായ മായങ്ക് അഗർവാളോടൊപ്പമുള്ള ലൈവ് ചാറ്റിലാണ് ഇഷാന്ത് ഓർമകൾ പങ്കുവെച്ചത്.

'2007-ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് എന്നെ ടീമിലെടുത്തത്. എന്നാൽ പെട്ടെന്നുതന്നെ എന്നോട് അയർലൻഡിലേക്ക് വരാൻ പറഞ്ഞു. എല്ലാവരും ഐസായിപ്പോകുന്ന തണുപ്പായിരുന്നു അയർലൻഡിൽ. തണുപ്പ് സഹിക്കാനാകാതെ ഇന്ത്യൻ ടീമിലെ എം.എസ് ധോനി, ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, ആർപി സിങ്ങ് ഉൾപ്പെടെ ഏഴു താരങ്ങൾക്ക് പനി പിടിച്ചു.

അയർലൻഡിലെത്തിയതോടെ ഞാൻ എന്റെ ലഗേജിനായി മാനേജറെ വിളിച്ചു. അതു റൂമിലെത്തുമെന്ന് മാനേജർ മറുപടി നൽകി. രഞ്ജി ട്രോഫിയിൽ എല്ലാം താരങ്ങൾ തന്നെ ലഗേജ് എടുക്കണമായിരുന്നു. റൂമിലെത്തുമെന്ന് പറഞ്ഞതോടെ ' ഇത് ഇപ്പോ ലാഭമായല്ലോ' എന്ന ഭാവമായിരുന്നു എനിക്ക്. എന്നാൽ ലഗേജ് റൂമിലെത്തിയില്ല. ഷൂ ഇല്ലാത്തതിനാൽ മത്സരത്തിന് മുമ്പ് നെറ്റ്സിൽ പരിശീലനത്തിന് ഇറങ്ങാനും കഴിഞ്ഞില്ല. ഞാൻ പരിശീലനം നടത്താതെ മാറിനിൽക്കുന്നതു കണ്ട് ദ്രാവിഡ് എന്റെ അടുത്തെത്തി. 'നീ എന്താ ബൗൾ ചെയ്യാത്തത്?' എന്നായിരുന്നു ദ്രാവിഡിന്റെ ചേദ്യം.

ഇതോടെ ഞാൻ ദ്രാവിഡിനോട് കാര്യം പറഞ്ഞു. അതുകേട്ട് ദ്രാവിഡ് ഞെട്ടി. ഇങ്ങനെയെങ്കിൽ നാളെ നീ എങ്ങനെ കളിക്കുമെന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു. ഇതോടെ ഞാൻ ആകെ പേടിച്ചു. ഒടുവിൽ സഹീർ ഖാന്റെ അടുത്തുനിന്ന് ഒരു ജോഡി ഷൂ കടം വാങ്ങി ഞാൻ ആദ്യ ഏകദിനത്തിനിറങ്ങി.' ഇഷാന്ത് വർഷങ്ങൾക്കുമുമ്പുള്ള സംഭവങ്ങൾ ഓർക്കുന്നു.

Content Highlights: Ishant Sharma recalls his debut series in Ireland