ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ അലസ്റ്റര്‍ കുക്കിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അര്‍ധ സെഞ്ചുറി. എന്നാല്‍ കുക്കിന്റെ ഇന്നിങ്‌സിനു ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു.
അവസാന ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയ്ക്കായി ഇഷാന്ത് മൂന്നു വിക്കറ്റും ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോസ് ബട്ലര്‍ (11), ആദില്‍ റഷീദ് (4) എന്നിവരാണ് ക്രീസില്‍.
190 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത കുക്കും ജെന്നിങ്‌സും (23) ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 58 റണ്‍സിനിടെ ആറു വിക്കറ്റ് പിഴുത ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം തടയുകയായിരുന്നു. ഒരു വിക്കറ്റിന് 133 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് ഏഴിന് 181 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്.
64-ാം ഓവറില്‍ ബുംറ കുക്കിന്റെ കുറ്റി തെറിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ മോയിന്‍ അലിയുമൊത്ത് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു കുക്കിന്റെ മടക്കം. പിന്നാലെ നായകന്‍ റൂട്ടിനെയും അതേ ഓവറില്‍ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ ഇഷാന്ത് ബെയര്‍സ്റ്റോയെയും പുറത്താക്കി.
11 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി തികച്ച മോയിന്‍ അലിയെ ഇഷാന്ത് പുറത്താക്കി. പിന്നാലെ വന്ന സാം കറന് രണ്ടു പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
നേരത്തെ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ഹനുമാ വിഹാരിക്ക് ഇന്ത്യ അരങ്ങേറ്റം നല്‍കി. അശ്വിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി.
Content Highlights: ishant sharma jasprit bumrah trigger english collapse