ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനമാണ് മാച്ച് റഫറി പിഴ ചുമത്തിയിരിക്കുന്നത്.

എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് താരം ഡേവിഡ് മലനെ പുറത്താക്കിയ ശേഷമുള്ള ഇഷാന്തിന്റെ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. വിക്കറ്റെടുത്ത ശേഷം ഇഷാന്ത് മലനു നേരെ നടത്തിയ ആഘോഷ പ്രകടനവും പദപ്രയോഗവും തികഞ്ഞ അച്ചടക്ക ലംഘനമാണെന്നാണ്  അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ബാറ്റ്‌സ്മാനെ മന:പൂര്‍വ്വം പ്രകോപിപ്പിക്കാനുള്ള ശ്രമമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.

ഐ.സി.സി പെരുമാറ്റച്ചട്ടം അനുസരിച്ച് ലെവല്‍ ഒന്ന് കുറ്റമാണിത്. ഐ.സി.സിയുടെ 2.1.7 വകുപ്പിന്റെ ലംഘനമാണ് ഇഷാന്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. വിക്കറ്റ് നേടിയ ശേഷം മറ്റു താരങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമോ പദപ്രയോഗമോ നടത്തുന്നതിനെതിരെയാണ് ഈ വകുപ്പ്.

മാച്ച് റഫറി ജെഫ് ക്രോയ്ക്ക് മുന്നില്‍ ഇഷാന്ത് കുറ്റം സമ്മതിച്ചു. ലെവല്‍ ഒന്ന് കുറ്റത്തിന് താക്കീതും മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ.

Content Highlights: ishant sharma fined receives one demerit point for level 1 breach