കൊളംബോ: ഏകദിന അരങ്ങേറ്റമാണ് എന്നൊന്നും നോക്കാതെയായിരുന്നു ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ എന്ന താരത്തിന്റെ പ്രകടനം. നേരിട്ട ആദ്യ പന്തു തന്നെ ക്രീസിന് വെളിയിലേക്കിറങ്ങി സിക്സറിന് പറത്തിയായിരുന്നു തുടക്കം. 

ആ തുടക്കം 18-ാം ഓവറില്‍ അവസാനിക്കുമ്പോഴേക്കും കിഷന്‍ 42 പന്തുകള്‍ നേരിട്ട് രണ്ടു സിക്സും എട്ടു ഫോറുമടക്കം 59 റണ്‍സെടുത്തിരുന്നു. ട്വന്റി 20 അരങ്ങേറ്റത്തിനു പിന്നാലെ ഇന്ത്യയ്ക്കായുള്ള ഏകദിന അരങ്ങേറ്റത്തിലും താരത്തിന് അര്‍ധ സെഞ്ചുറി. ഇതിനിടെ നിരവധി നേട്ടങ്ങളും താരം സ്വന്തം പേരിലാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 അരങ്ങേറ്റത്തിലും കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ഏകദിന അരങ്ങേറ്റത്തില്‍ 50 തികയ്ക്കുന്ന 16-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കിഷനെ തേടിയെത്തി. 

മാത്രമല്ല വെറും 33 പന്തില്‍ 50 തികച്ച താരം ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ 26 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലാണ് ഈ റെക്കോഡ്. 

ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡെര്‍ ദസ്സന് ശേഷം ഏകദിനത്തിലെയും ട്വന്റി 20-യിലെയും അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരവുമാണ് ഇഷാന്‍ കിഷന്‍.

Content Highlights: Ishan Kishan hits second fastest ODI half century on debut by Indian