ന്യൂഡല്‍ഹി: ബറോഡ ക്രിക്കറ്റ് ടീമിലുടലെടുത്ത ദീപക് ഹൂഡ-ക്രുനാല്‍ പാണ്ഡ്യ വിഷയത്തില്‍ ബോര്‍ഡ് അന്വേഷണം ആരംഭിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ക്രിക്കറ്റ് ക്യാമ്പില്‍ വെച്ച് നായകനായ ക്രുനാല്‍ പാണ്ഡ്യ ദീപക് ഹൂഡയോടെ മോശമായി പെരുമാറി എന്നതിനെത്തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുക്കുന്നത്.

സംഭവത്തില്‍ ദീപക് ഹൂഡയെ പിന്താങ്ങിയാണ് ഇര്‍ഫാന്‍ പഠാന്‍ സംസാരിക്കുന്നത്. ' ഇത്രയും മോശമായ ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അതിന്റെ പൂര്‍ണ ഭാവത്തിലേക്ക് വരുന്നതേയുള്ളൂ. ബയോ ബബിള്‍ സര്‍ക്കിളില്‍ ജീവിക്കുന്ന താരങ്ങള്‍ എല്ലാവരും ഒരുമിച്ച് നിന്ന് മത്സരത്തില്‍ മാത്രം ശ്രദ്ധിക്കണം. മറ്റുകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കും. ഹൂഡയും ക്രുനാലും തമ്മിലുള്ള പ്രശ്‌നത്തില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഉടന്‍ ഇടപെടണം' -പഠാന്‍ വ്യക്തമാക്കി.

നായകന്‍ ക്രുനാല്‍ പാണ്ഡ്യയില്‍ നിന്നും മോശം പെരുമാറ്റമുണ്ടായി എന്ന് വിശദമാക്കി ഹൂഡ ഒരു പരാതി ബറോഡ ക്രിക്കറ്റ് അസോസിയേഷനെ ഏല്‍പ്പിച്ചിരുന്നു. മറ്റുതാരങ്ങളുടെ മുന്നില്‍ വെച്ച് നിരന്തരം ക്രുനാല്‍ തന്നെ അപമാനിച്ചുവെന്ന് ഹൂഡ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സയെഡ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ടീമിന്റെ പരിശീലനത്തില്‍ നിന്നും ഹൂഡ വിട്ടുനിന്നിരുന്നു. 

ബറോഡയ്ക്കായി 17 വര്‍ഷം കളിച്ച ഇര്‍ഫാന്‍ പഠാന്‍ ഈ പ്രശ്‌നത്തില്‍ എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ ക്രുനാല്‍ മൗനം പാലിക്കുന്നത് സംഭവം കൂടുതല്‍ വഷളാക്കുന്നു.

Content Highlights: Irfan Pathan wants Baroda cricket board to investigate Deepak Hooda-Krunal Pandya row