മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യ ലെജന്റ്‌സിന്റെ ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന് കോവിഡ് 19 സ്ഥിരീകരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഇർഫൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'കോവിഡ് ടെസ്റ്റില്‍ പോസിറ്റീവായിട്ടുണ്ട്. എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. എന്റെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണം. എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. എല്ലാവരും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കട്ടെ''-പഠാന്‍ ട്വീറ്റ് ചെയ്തു.

ഈയിടെ സമാപിച്ച റോഡ് സേഫ്റ്റി സീരിസില്‍ ഇന്ത്യ ലെജന്റ്‌സിനുവേണ്ടി ഇര്‍ഫാന്‍ കളിച്ചിരുന്നു. അവിടെ നിന്നുമാണ് താരത്തിന് കോവിഡ് രോഗം പിടിപെട്ടത്. ഇന്ത്യ ലെജന്റ്‌സില്‍ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍, യൂസഫ് പഠാന്‍, ബദ്രിനാഥ് എന്നിവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.

റായ്പുരില്‍ വെച്ചാണ് റോഡ് സേഫ്റ്റി സീരിസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്നത്. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കി ഇന്ത്യയാണ് ടൂര്‍ണമെന്റ് ജേതാക്കളായത്.

Content Highlights: Irfan Pathan Tests Covid-19 positive, becomes fourth player from India Legends squad to contract virus