ജയ്പുര്‍:  പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തിന് ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്റെയും പാര്‍ഥിവ് പട്ടേലിന്റെയും പിന്തുണ. ഇന്ത്യയുടെ ശത്രുക്കളായ പാകിസ്താനുമായി ക്രിക്കറ്റ് കൡക്കാനുള്ള സമയമല്ല ഇതെന്നും താരങ്ങള്‍ വ്യക്തമാക്കി.

''എന്നെ സംബന്ധിച്ച് എന്റെ രാജ്യമാണ് എനിക്ക് ആദ്യം. ഇത്തരമൊരു അവസ്ഥയില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു തീരുമാനത്തിനും നമ്മള്‍ പിന്തുണ നല്‍കണം'' 19 ഇന്ത്യന്‍ പട്ടാളക്കാര്‍ ജീവന്‍ വെടിഞ്ഞ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് സംബന്ധിച്ച് ചോദ്യം ഉദിക്കുന്നില്ലെന്ന് ബി.സി.സി.ഐ നേരത്തെ വ്യക്തമാക്കിയതാണെന്നും അതിനാല്‍ ബി.സി.സി.ഐയുടെയും സര്‍ക്കാരിന്റെയും നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി പാകിസ്താനുമായി മത്സരത്തിനില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം പാകിസ്താനുമായി ഒരു മത്സരം പോലും തീരുമാനിച്ചിട്ടില്ലെന്നും യുദ്ധത്തിലും ലോകകപ്പിലും എന്നും പാകിസ്താന് ഇന്ത്യയോട് തോല്‍ക്കാനായിരുന്നു വിധിയെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു.