കിരീടവുമായി ന്യൂസീലൻഡ് ക്രിക്കറ്റ് ടീം | Photo: twitter.com/cricketireland
ഡബ്ലിന്‍: കൂറ്റന്‍ സ്കോര്‍ പിന്തുടര്ന്ന് വിജയം നേടാനൊരുങ്ങിയ അയര്‍ലന്‍ഡ് അവസാന നിമിഷം കാലിടറിവീണു. അവിശ്വസനീയമായ വിജയം ന്യൂസീലന്‍ഡ് നേടിയെടുത്തു. അയര്‍ലന്‍ഡ്-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം അപ്രതീക്ഷിതമായ പല രംഗങ്ങള്‍ക്കുമാണ് വഴിതെളിച്ചത്.
ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 361 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 359 റണ്‍സിലൊതുങ്ങി. ഒരു റണ്‍സിന്റെ വിജയവുമായി ന്യൂസീലന്‍ഡ് പരമ്പര 3-0 ന് തൂത്തുവാരി. ഒരു ഘട്ടത്തില്‍ വമ്പന്‍ അട്ടിമറി നേടുമെന്ന് തോന്നിച്ച അയര്‍ലന്‍ഡ് പടിക്കല്‍ കലമുടച്ചു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റില്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചു. 126 പന്തുകളില്‍ നിന്ന് 115 റണ്‍സാണ് താരം അടിച്ചെടുത്തത്. 54 പന്തുകളില്‍ നിന്ന് 79 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സും 47 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സും കിവീസിനായി തിളങ്ങി. ഇതോടെ ന്യൂസീലന്‍ഡ് 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തു. അയര്‍ലന്‍ഡിനായി ജോഷ്വ ലിറ്റില്‍ രണ്ടുവിക്കറ്റെടുത്തു.
361 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പോള്‍ സ്റ്റെര്‍ലിങ്ങും ഹാരി ടെക്ടറും കാഴ്ചവെച്ചത്. ഇരുവരും സെഞ്ചുറി നേടി. സ്റ്റെര്‍ലിങ് 103 പന്തുകളില്‍ നിന്ന് 120 റണ്‍സെടുത്തപ്പോള്‍ ടെക്ടര്‍ 106 പന്തുകളില്‍ നിന്ന് 108 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് എന്ന നിലയില്‍ നിന്ന് അയര്‍ലന്‍ഡ് തകരുകയായിരുന്നു. അവസാന ഓവറുകളില്‍ നന്നായി ബാറ്റേന്തിയിരുന്നെങ്കില് ടീമിന് വിജയം നേടാനാകുമായിരുന്നു.
അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു അയര്‍ലന്‍ഡിന്റെ വിജയലക്ഷ്യം. മീഡിയം പേസറായ ബ്ലെയര്‍ ടിക്നറാണ് പന്തെറിഞ്ഞത്. എന്നാല്‍ ഈ ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് പിറന്നത്. കിവീസിനായി മാറ്റ് ഹെന്റി നാല് വിക്കറ്റെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..