-
സതാംപ്റ്റൺ: ഇംഗ്ലണ്ടിൽ അയർലൻഡ് റെക്കോഡ് വിജയത്തിലേക്ക് ബാറ്റുവീശിയപ്പോൾ പഴങ്കഥയായത് 18 വർഷം പഴക്കമുള്ള ഇന്ത്യയുടെ ചരിത്രവിജയം. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിൽ ഉയർന്ന റൺസ് പിന്തുടർന്ന് വിജയത്തിന്റെ റെക്കോഡ് ഇനി അയർലൻഡിന് സ്വന്തം. ഇതിന് മുമ്പ് 2002-ൽ നാറ്റ്വെസ്റ്റ് ഫൈനലിൽ 326 റൺസ് പിന്തുടർന്ന് വിജയിച്ച ഇന്ത്യയുടെ പേരിലായിരുന്നു റെക്കോഡ്. എന്നാൽ സതാംപ്റ്റണിൽ അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിൽ 329 റൺസ് വിജയലക്ഷ്യമാണ് അയർലന്റ് മറികടന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ നിമിഷങ്ങളിൽ ഒന്നാണ് നാറ്റ്വെസ്റ്റ് ഫൈനൽ. അന്ന് ലോർഡ്സിന്റെ ബാൽക്കണിയിൽ നിന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ജഴ്സിയൂരി വീശി വിജയം ആഘോഷിച്ചത് ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല. 326 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 146 റൺസ് എന്ന നിലയിൽ തകർച്ചയിലായിരുന്നു. എന്നാൽ ക്രീസിൽ ഒന്നിച്ച യുവരാജ് സിങ്ങും മുഹമ്മദെ കൈഫും മത്സരത്തിന്റെ കടിഞ്ഞാൺ വീണ്ടും ഇന്ത്യയ്ക്ക് നൽകി. യുവി 69 റൺസിന് പുറത്തായപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. രണ്ടു വിക്കറ്റും മൂന്നു പന്തും ശേഷിക്കെ ഇന്ത്യ വിജയിക്കുമ്പോൾ 87 റൺസുമായി കൈഫ് ക്രീസിലുണ്ടായിരുന്നു.
സതാംപ്റ്റണിൽ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ ഇതുപോലെ ഒരു ത്രില്ലർ മത്സരത്തിലായിരുന്നു അയർലന്റിന്റേയും വിജയം. 329 റൺസ് ലക്ഷ്യം ഒരു പന്തും ഏഴു വിക്കറ്റും ശേഷിക്കെ അയർലന്റ് മറികടന്നു. അന്ന് ഇന്ത്യക്ക് കൈഫും യുവിയുമാണ് ഒത്തുചേർന്നതെങ്കിൽ അയർലന്റിനായി പോൾ സ്റ്റിർലിങും ആൻഡ്രു ബാൽബിർനിയുമാണ് രക്ഷകരുടെ വേഷം കെട്ടിയത്. സ്റ്റിർലിങ് 128 പന്തിൽ 142 റൺസ് നേടിയപ്പോൾ ബാൽബിർനി 112 പന്തിൽ 113 റൺസ് നേടി. ഇരുവരും രണ്ടാം വിക്കറ്റിൽ 214 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും പുറത്തായശേഷം ഹാരി ടെക്റ്ററും കെവിൻ ഒബ്രെയ്നും ചേർന്ന് വിജയം പൂർത്തിയാക്കി.
ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ ഒരു ടീമിന്റെ ഏറ്റവുമയർന്ന നാലാമത്തെ റൺചേസ് കൂടിയാണിത്. റൺസ് പിന്തുടർന്നുള്ള അയർലന്റിന്റെ ഏറ്റവും വലിയ വിജയവും ഇതുതന്നെയാണ്. നേരത്തെ 2011 ലോകകപ്പിൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരേ 328 റൺസ് പിന്തുടർന്ന് അയർലന്റ് വിജയിച്ചിരുന്നു. ഈ റെക്കോഡാണ് അയർലൻഡ് തിരുത്തിയത്.
Content Highlights: Ireland beat Indias 18 year old record with stunning 7 wicket win over England in 3rd ODI
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..