ലോര്‍ഡ്സ്: ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയം മോഹിച്ചെത്തിയ അയര്‍ലന്‍ഡിന് ഒടുവില്‍ നാണംകെട്ട തോല്‍വി. ഒന്നാമിന്നിങ്സില്‍ ഇംഗ്ലണ്ടിനെ 85 റണ്‍സിന് പുറത്താക്കി അമ്പരപ്പിച്ച അയര്‍ലന്‍ഡ് രണ്ടാമിന്നിങ്സില്‍ 38 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

143 റണ്‍സ് ജയത്തോടെ ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിനായി നൈറ്റ് വാച്ച്മാനായിറങ്ങി 92 റണ്‍സെടുത്ത ജാക്ക് ലീച്ചാണ് കളിയിലെ താരം.

സ്‌കോര്‍: ഇംഗ്ലണ്ട് 85, 303; അയര്‍ലന്‍ഡ് 207, 38.

182 റണ്‍സെന്ന അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡ്, ക്രിസ് വോക്‌സിന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ബൗളിങ് മികവിനു മുന്നില്‍ വിറയ്ക്കുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഏഴാമത്തെ സ്‌കോറെന്ന നാണക്കേടും പേറിയാണ് ഐറിഷ് പട തോല്‍വി വഴങ്ങിയത്.

വെള്ളിയാഴ്ച ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കാന്‍ അയര്‍ലന്‍ഡിന് 182 റണ്‍സ് മതിയായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് ബൗളര്‍മാര്‍ അരങ്ങ് തകര്‍ത്തതോടെ ഐറിഷ് ബാറ്റ്സ്മാന്‍മാര്‍ പൊരുതാന്‍പോലും നില്‍ക്കാതെ മടങ്ങി. 15.4 ഓവര്‍ മാത്രമാണ് ഇന്നിങ്സ് നീണ്ടുനിന്നത്. ആറ് വിക്കറ്റെടുത്ത ക്രിസ് വോക്‌സും നാലുവിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡുമാണ് അയര്‍ലന്‍ഡിനെ നാണംകെടുത്തിയത്. മറ്റാര്‍ക്കും പന്തെറിയേണ്ടി വന്നില്ല.

11 റണ്‍സെടുത്ത ജയിംസ് മക്കല്ലമാണ് അയര്‍ലന്‍ഡിന്റെ ടോപ്സ്‌കോറര്‍. ബാക്കിയാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. സ്‌കോര്‍ 11-ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡിനെ (2) മടക്കി വോക്‌സ് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. ആന്‍ഡി ബാല്‍ബിറിനി (5), പോള്‍ സ്റ്റെര്‍ലിങ് (0), കെവിന്‍ ഒബ്രിയന്‍ (4) എന്നിവരും അധികം നില്‍ക്കാതെ മടങ്ങി.

എട്ട് ഓവറെറിഞ്ഞ ബ്രോഡ് 19 റണ്‍സ് വിട്ടുകൊടുത്തു. 7.4 ഓവറെറിഞ്ഞ വോക്‌സ് 17 റണ്‍സ് വിട്ടുകൊടുത്താണ് ആറുവിക്കറ്റെടുത്തത്. വെള്ളിയാഴ്ച ഒമ്പതിന് 303 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിങ്സില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യപന്തില്‍ ഓള്‍ഔട്ടായി.

Ireland 38 all out, England win by 143 runs

Content Highlights: Ireland 38 all out, England win by 143 runs