സിഡ്നി: ഓസ്ട്രേലിയയുടെ വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് പിന്മാറിയ കളിക്കാർക്കെതിരേ വിമർശനവുമായി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഏഴ് കളിക്കാരാണ് ഐപിഎല്ലിൽ കളിക്കാനായി രണ്ട് പരമ്പരകളിൽ നിന്നും പിന്മാറിയത്.

'ദേശീയ ടീമിന്റെ താത്‌പര്യത്തേക്കാൾ ഐപിഎല്ലിന് പ്രാധാന്യം നൽകി ടൂർണമെന്റ് കളിക്കാനായി പോകുമ്പോൾ അത് ന്യായീകരിക്കാൻ കളിക്കാർ വല്ലാതെ കഷ്ടപ്പെടും. ബംഗ്ലാദേശിനും വെസ്റ്റിൻഡീസിനും എതിരായ പരമ്പരകൾ നിർണായകമാണ്. ടീമിനായി മികവ് കാണിക്കുന്നവരെയാണ് ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുക.' ഫിഞ്ച് മുന്നറിയിപ്പ് നൽകി.

ടീമിൽ നിന്ന് വിട്ടുനിൽക്കാനുള്ള കളിക്കാരുടെ തീരുമാനം ഞെട്ടിച്ചുവെന്നും അവരുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് ടീമിൽ ഇടം ലഭിക്കുമെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു.

ഡേവിഡ് വാർണർ, സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, പാറ്റ് കമ്മിൻസ്, ഡാനിയൻ സാംസ്, ജേ റിച്ചാർഡ്സൺ എന്നിവരാണ് പര്യടനത്തിൽ നിന്ന് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് ഇവർ പറയുന്നത്. കളിക്കാരുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെങ്കിലും ആ തീരുമാനത്തെ മാനിക്കുന്നു എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണം.

ജൂലൈയിലാണ് ഓസ്ട്രേലിയയുടെ വെസ്റ്റിൻഡീസ് പര്യടനം. അഞ്ച് ട്വന്റി-20യും മൂന്നു ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കും. സെപ്റ്റംബർ 19 മുതലാണ് യു.എ.ഇയിൽ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം നടക്കുന്നത്.

Content Highlights: IPL return hard to justify for Australia players missing tours says Aaron Finch