മുംബൈ: ഐപിഎല്‍ പുതിയ സീസണിലേക്ക് ഏതെല്ലാം ടീമുകള്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്നതിന്റെ ചിത്രം തെളിഞ്ഞു. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നാല് താരങ്ങളെ നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മൂന്നു താരങ്ങളെ വീതം അടുത്ത സീസണിലേക്ക് ഒപ്പം കൂട്ടി. എന്നാല്‍ പഞ്ചാബ് കിങ്‌സ് രണ്ടു താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്.

വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും മുഹമ്മദ് സിറാജും ആര്‍സിബിക്കൊപ്പം തുടരും. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ മുംബൈയും വിട്ടുകൊടുക്കില്ല. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ സ്വതന്ത്രനാക്കി.

മലയാളി താരം സഞ്ജു സാംസണേയും ജോസ് ബട്‌ലറേയും യശ്വസി ജയ്‌സ്വാളിനേയുമാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. അതേസമയം കെഎല്‍ രാഹുലിനെ പഞ്ചാബ് വിട്ടുനല്‍കി. ടീമിനൊപ്പം തുടരാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു. മായങ്ക് അഗര്‍വാള്‍, അര്‍ശദീപ് സിങ്ങ് എന്നിവരേയാണ് പഞ്ചാബ് നിലനിര്‍ത്തിയത്.

സ്റ്റാര്‍ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനെ നിലനിര്‍ത്താതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകരെ ഞെട്ടിച്ചു. കെയ്ന്‍ വില്ല്യംസണ്‍, അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക് എന്നിവരേയാണ് ഹൈദരാബാദ് അടുത്ത സീസണിലേക്ക് ഒപ്പം കൂട്ടിയത്. ഡേവിഡ് വാര്‍ണറേയും ജോണി ബെയര്‍സ്‌റ്റോയേയും ഹൈദരാബാദ് റിലീസ് ചെയ്തു.

എംഎസ് ധോനി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്ക്‌വാദ്, മോയിന്‍ അലി എന്നിവര്‍ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ തുടരും. ഋഷഭ് പന്ത്, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ദെ, അക്‌സര്‍ പട്ടേല്‍ എന്നിവരെ ഡല്‍ഹി നിലനിര്‍ത്തി. സുനില്‍ നരെയ്‌നും ആന്ദ്രെ റസ്സലും വരുണ്‍ ചക്രവര്‍ത്തിയും വെങ്കിടേഷ് അയ്യരും അടുത്ത സീസണിലും കൊല്‍ക്കത്തയ്‌ക്കൊപ്പം ഉണ്ടാകും.

ആകെ 90 കോടി രൂപയാണ് ഓരോ ടീമിനും അനുവദിച്ചിരിക്കുന്ന ലേലത്തുക. ഇതില്‍ നാല് താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ 42 കോടു രൂപ ചിലവഴിച്ചു കഴിഞ്ഞു. ഇനി 48 കോടി രൂപയ്ക്ക് ശേഷിക്കുന്ന താരങ്ങളെ ടീമിലെടുക്കണം.  

2022 സീസണ്‍ മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയര്‍ പൂളില്‍ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്:  രവീന്ദ്ര ജഡേജ (16 കോടി), എംഎസ് ധോനി (12 കോടി), റുതുരാജ് ഗെയ്ക്ക്‌വാദ് (6 കോടി), മോയിന്‍ അലി (8 കോടി).

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: സുനില്‍ നരെയ്ന്‍ (6 കോടി), ആന്ദ്രെ റസ്സല്‍ (12 കോടി), വരുണ്‍ ചക്രവര്‍ത്തി (8 കോടി), വെങ്കിടേഷ് അയ്യര്‍ (8 കോടി).

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്ന്‍ വില്ല്യംസണ്‍ (14 കോടി), അബ്ദുല്‍ സമദ് (4 കോടി), ഉമ്രാന്‍ മാലിക്ക് (4 കോടി)

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (16 കോടി), ജസ്പ്രീത് ബുംറ (12 കോടി), കീറോണ്‍ പൊള്ളാര്‍ഡ് (6 കോടി), സൂര്യകുമാര്‍ യാദവ് (8 കോടി)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി (15 കോടി), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11 കോടി), മുഹമ്മദ് സിറാജ് (7 കോടി).

ഡല്‍ഹി ക്യാപിറ്റല്‍സ്: ഋഷഭ് പന്ത് (16 കോടി), പൃഥ്വി ഷാ (7.50 കോടി), അക്‌സര്‍ പട്ടേല്‍ (9 കോടി), ആന്റിച്ച് നോര്‍ദെ (6.50 കോടി).

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍ (14 കോടി), ജോസ് ബട്‌ലര്‍ (10 കോടി), യശ്വസി ജയ്‌സാള്‍ (4 കോടി).

പഞ്ചാബ് കിങ്‌സ്: മായങ്ക് അഗര്‍വാള്‍ (12 കോടി), അര്‍ശദീപ് സിങ്ങ്‌ (4 കോടി).

Content highlights: IPL 2022 retention list