ഹൈദരാബാദ്: ഐ.പി.എല്ലിന്റെ 13-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കും. 2018-ലെ പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ നഷ്ടമായ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വാര്‍ണറുടെ മടങ്ങിവരവ് കൂടിയാണിത്. വാര്‍ണറുടെ അഭാവത്തില്‍ കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറുമായിരുന്നു സണ്‍റൈസേഴ്‌സിനെ നയിച്ചത്.

2016-ല്‍ വാര്‍ണര്‍ ക്യാപ്റ്റനായിരിക്കെ സണ്‍റൈസേഴ്‌സ് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കിനെ തുടര്‍ന്ന് 2018 സീസണില്‍ താരം കളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും വില്യംസണ്‍ തന്നെ ക്യാപ്റ്റനായി തുടരുകയായിരുന്നു.

ക്യാപ്റ്റനായി തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ ഏതാനും നാളുകളായി ടീമിനെ നയിച്ച വില്യംസണും ഭുവനേശ്വര്‍ കുമാറിനും നന്ദി അറിയിക്കുന്നതായും വാര്‍ണര്‍ പ്രതികരിച്ചു.

Content Highlights: IPL 2020 David Warner replaces Kane Williamson as Sunrisers captain