ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാരണം മാര്‍ച്ചില്‍ ഐ.പി.എല്ലിന്റെ 13-ാം സീസണ്‍ മാറ്റിവെച്ചപ്പോള്‍ ആരാധകരെല്ലാം തന്നെ നിരാശയിലായിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് കാലം നഷ്ടപ്പെടുമോ എന്ന സംശയമായിരുന്നു അതിനു പിന്നില്‍. എന്നാല്‍ കോവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പോലും മറികടന്ന് ഒടുവില്‍ ആ ടൂര്‍ണമെന്റ് പൂര്‍ത്തിയായി.

ഇത്തവണ റെക്കോഡ് കാഴ്ചക്കാരാണ് ഐ.പി.എല്ലിനുണ്ടായിരിക്കുന്നത്. 2019 സീസണെ അപേക്ഷിച്ച് ടെവിവിഷനിലൂടെയും മറ്റും ഐ.പി.എല്‍ കണ്ട കാണികളുടെ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഇത്തവണത്തെ സീസണിന്റെ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ നന്ദി അറിയിക്കുകയും ചെയ്തു. ഡ്രീം ഇലവന്‍ സ്പോണ്‍സര്‍മാരായി എത്തിയതോടെ ഫാന്റസി സ്പോര്‍ട്സിലൂടെ ആരാധകരുടെ പങ്കാളിത്തം കൂട്ടാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാച്ച് കൗണ്‍ഡൗണ്‍, ഡ്രീം11 ചാമ്പ്യന്‍ ഫാന്‍സ് വാള്‍, വിര്‍ച്വല്‍ ഗസ്റ്റ് ബോക്സ് എന്നിവയിലൂടെയെല്ലാം ആരാധകരുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: IPL 2020 a record breaking 28 percent increase in viewership