മൊഹാലി: ഐ.പി.എൽ. ക്രിക്കറ്റ് സീസണിലെ അവസാന മത്സരത്തിൽ ജയിച്ച് പഞ്ചാബ് മടങ്ങി. നിലവിലെ ജേതാക്കളായ ചെന്നൈയെ ആറുവിക്കറ്റിന് തോൽപ്പിച്ചെങ്കിലും പഞ്ചാബിന് പ്ലേ ഒാഫിലെത്താനായില്ല. സ്‌കോർ: ചെന്നൈ 20 ഓവറിൽ അഞ്ചിന് 170, കിങ്‌സ് ഇലവൻ പഞ്ചാബ് 18 ഓവറിൽ നാലിന് 173.

ഫാഫ് ഡുപ്ലെസിയുടെ (55 പന്തിൽ 96) തകർപ്പൻ ഇന്നിങ്‌സ് ചെന്നൈക്ക് മികച്ച തുടക്കം നൽകിയെങ്കിലും അവസാന ഓവറുകളിൽ കാര്യമായി സ്കോർ ചെയ്യാനായില്ല. മറുപടിയായി പഞ്ചാബ് ഓപ്പണർ ലോകേഷ് രാഹുൽ (36 പന്തിൽ 71) പഞ്ചാബിന്റെ ജയത്തിന് അടിത്തറയൊരുക്കി.

പഞ്ചാബ് 14.3 ഓവറിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയില്ലെങ്കിൽ, പോയന്റ് പട്ടികയിൽ ചെന്നൈ ആദ്യരണ്ടിലൊരു ടീമാകുമെന്ന് ഉറപ്പായിരുന്നു. അത് നേടാൻ െചന്നൈ ബൗളർമാർക്കായി. മറുപടിയായി ലോകേഷ് രാഹുൽ-ക്രിസ് ഗെയ്ൽ സഖ്യം 10.3 ഓവറിൽ 108 റൺ അടിച്ച് പഞ്ചാബിന് വിജയവഴിയൊരുക്കി. ക്രിസ് ഗെയ്ൽ (28 പന്തിൽ 28) പതിവ് ആവേശത്തിലായിരുന്നില്ല.

36 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 71 റൺ അടിച്ച ലോകേഷ് രാഹുൽ കളിയിലെ താരമായി.

വൺഡൗണായെത്തിയ നിക്കോളാസ് പൂരനും (22 പന്തിൽ 36) അടിച്ചതോടെ പഞ്ചാബിന് ജയം എളുപ്പമായി. ചെന്നൈ ബൗളർമാരിൽ ഹർഭജൻ മൂന്നുവിക്കറ്റെടുത്തെങ്കിലും 57 റൺ വഴങ്ങി.

Content Highlights: ipl 2019, Kings XI Punjab