ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്ന പേരുമാറ്റി രണ്ടും കല്‍പ്പിച്ചാണ് ഐ.പി.എല്ലിന്റെ 12-ാം എഡിഷന് ഡല്‍ഹി ക്യാപിറ്റല്‍സ് എത്തുന്നത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ചതിനു പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയേയും ഡല്‍ഹി തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുകയാണ്.

ടീമിന്റെ ഉപദേശകനായിട്ടാണ് ഗാംഗുലിയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി നിയമിച്ചത്. ടീമിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങുമായി ചേര്‍ന്നായിരിക്കും ഗാംഗുലി പ്രവര്‍ത്തിക്കുകയെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി.

ക്രിക്കറ്റ് ലോകത്തെ ബുദ്ധിശാലികളില്‍ ഒരാളാണ് ഗാംഗുലിയെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന പല മാറ്റങ്ങള്‍ക്കും പിന്നില്‍ ഗാംഗുലിയായിരുന്നുവെന്നും ഫ്രാഞ്ചൈസി ചെയര്‍മാന്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു. ഗാംഗുലിയുടെ അഗ്രഷനും, പോസിറ്റീവ് ചിന്തകളും, ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിചിചേര്‍ത്തു. 

ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അറിയാം. അവര്‍ക്കൊപ്പം ഐ.പി.എല്ലില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗാംഗുലിയും പ്രതികരിച്ചു. ഡല്‍ഹി താരങ്ങള്‍ക്കൊപ്പവും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പവും ചെലവിടാന്‍ കഴിയുന്ന സമയം ആകാംക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫാണ് ടീമിന്റെ സഹപരിശീലകന്‍. ശ്രേയസ് അയ്യര്‍ നായകനായ ടീമിന്റെ ഈ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 24-ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്.

Content Highlights: ipl 2019 after ricky ponting sourav ganguly joins delhi capitals as advisor