ഇന്ത്യ വീണ്ടും കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്കുണരുകയാണ്. ഐ.പി.എല്‍ പത്താം സീസണിന് മുന്നോടിയായി തിങ്കളാഴ്ച്ച താരലേലം ആരംഭിക്കും. ഏതെല്ലാം കളിക്കാര്‍ ഏതൊക്കെ ടീമിന് സ്വന്തമാകുമെന്ന് താരലേലത്തോടെ തീരുമാനമാകും. കൂടുതല്‍ ഇംഗ്ലീഷ് താരങ്ങള്‍ ഇത്തവണത്തെ ലേലത്തിൽ അണിനരിക്കുന്നുണ്ട്. ഒപ്പം ആദ്യമായി അഫ്ഗാനിസ്ഥാന് താരങ്ങളും ഐ.പി.എല്ലില്‍ കളിക്കാനൊരുങ്ങുന്നുണ്ട്. ഇത്തവണത്തെ ലേലത്തില്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍.
ബെന്‍ സ്റ്റോക്ക്സ് (ഇംഗ്ലണ്ട്)- അടിസ്ഥാന വില രണ്ടു കോടി
താരലേലത്തിലെ ഏറ്റവും നിര്‍ണായകമായ പേരാണ് ബെന്‍ സ്റ്റോക്ക്സ്. ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്ക്സ് ഇന്ത്യക്കെതിരായ ഏകദിനത്തിലും ടിട്വന്റിയിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പരമ്പരയില്‍ 120 റണ്‍സ് നേടിയ ബാറ്റിങ് ശരാശരിയേക്കാള്‍ സ്റ്റോക്ക്സ്ന്റെ സ്ട്രൈക്ക് റേറ്റാണ് ഇംഗ്ലീഷ് താരത്തിന്റെ മൂല്യം കൂട്ടുന്നത്. 146.34 ആണ് സ്റ്റോക്ക്സിന്റെ സ്ട്രൈക്ക് റേറ്റ്. അതോടൊപ്പം വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും സ്റ്റോക്ക്സുണ്ട്.
പക്ഷേ ഇംഗ്ലണ്ടിന്റെയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങള്‍ കളിക്കിടെ നാട്ടിലേക്ക് മടങ്ങുമെന്നത് ടീമുകളെ കുഴക്കും. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മെയ് ഏഴിനും ഇംഗ്ലീഷ് താരങ്ങള്‍ മെയ് ഒന്നിനും മെയ് 14നുമാണ് നാട്ടിലേക്ക് മടങ്ങുക
ഇഷാന്ത് ശര്‍മ (ഇന്ത്യ)-അടിസ്ഥാന വില രണ്ട് കോടി
ലേലത്തില്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള ഏക ഇന്ത്യന്‍ താരമാണ് ഇഷാന്ത്. റെയ്സിങ് പുണെ ജെയന്റ്സിന്റൈ താരമായിരുന്ന ഇഷാന്തിന് കഴിഞ്ഞ സീസണില്‍ 3.8 കോടിയാണ് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെക്കാന്‍ ചാര്‍ജേഴ്സ് ടീമുകള്‍ക്ക് വേണ്ടിയും ഇഷാന്ത് കളിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കായി 14 ടിട്വന്റികള് കളിച്ച ഇഷാന്ത് 8.63 എക്കണോമിയില്‍ എട്ടു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പുണെക്കായി നാല് മത്സരങ്ങള്‍ കളിച്ച ഇഷാന്തിന് മൂന്നു വിക്കറ്റേ നേടാനായിരുന്നുള്ളൂ. 70 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച് ഇഷാന്ത് 59 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 12 റണ്‍സിന് അഞ്ചു വിക്കറ്റ് നേടിയതാണ് ഐ.പി.എല്ലിലെ മികച്ച ബൗളിങ്ങ്.
തൈമാല് മില്‍സ് (ഇംഗ്ലണ്ട്)-അടിസ്ഥാന വില 50 ലക്ഷം
ഒരേപോലെ സ്ലോയിലും വേഗത്തിലും പന്തെറിയാന്‍ കഴിയുമെന്നതാണ് മില്‍സിന്റെ പ്രത്യേകത. മില്‍സിന്റെ പന്തുകള്‍ ബാറ്റ്സ്മാന് പെട്ടെന്ന് പിടികിട്ടില്ല. ഡെത്ത് ഓവറുകളില്‍ പന്തേല്‍പ്പിക്കാന്‍ പറ്റിയ ബൗളര്‍. ഇന്ത്യക്കെതിരായ പരമ്പരയില്‍ മൂന്ന് വിക്കറ്റാണ് മില്‍സ് നേടിയത്. ഡെത്ത് ഓവറില്‍ 7.28 ആണ് ഇടങ്കയ്യന്‍ പേസറുടെ എക്കണോമി. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന് കഴിഞ്ഞാല്‍ ഡെത്ത് ഓവറിലെ മികച്ച ഇക്കോണമി മില്‍സിന്റെ പേരിലാണ്.
ഇയാന്‍ മോര്ഗന് (ഇംഗ്ലണ്ട്)-അടിസ്ഥാന വില രണ്ടു കോടി
ഇയാന്‍ മോര്‍ഗന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം കണ്ടാല്‍ മതി. ഇംഗ്ലണ്ട് അതില്‍ തോറ്റെങ്കിലും മോര്‍ഗന്റെ സെഞ്ചുറി വേറിട്ടു നിന്നു. ഏകദിന പരമ്പരയില്‍ ആകെ റണ്‍സിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയ മോര്ഗന് കോലിയേക്കാള്‍ 12 റണ്‍സ് മാത്രം പിറകിലാണ്. ടിട്വന്റി പരമ്പരയില്‍ 131 സ്ട്രൈക്ക് റെയ്റ്റില്‍ 108 റണ്‍സാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
മുഹമ്മദ് ഷെഹ്സാദ് (അഫ്ഗാനിസ്ഥാന്)-50 ലക്ഷം
അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഷെഹ്സാദാണ് ഇത്തവണത്തെ ഐ.പി.എല്ലിലെ താരം. അഫ്ഗാനിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായ ഷെ്ഹ്സാദിന് 55 ടിട്വന്റിയില്‍ നിന്ന് 136ന് മുകളില്‍ സ്ട്രെയ്ക്ക് റെയ്റ്റുണ്ട്. ഒരു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും ഷെഹ്സാദിന്റെ അക്കൗണ്ടിലുണ്ട്. 31.84 ബാറ്റിങ് ശരാശരിയുള്ള ഷെഹ്സാദിന്റെ ഉയര്‍ന്ന സ്കോര്‍ 118 റണ്‍സാണ്. എം.എസ് ധോനിയെപ്പോലെ ഹെലികോപ്റ്റര്‍ ഷോട്ട് അടിക്കുന്ന ഷെഹസാദിന്റെ 50 ലക്ഷത്തിന് വാങ്ങാന്‍ ആരാകും തയ്യാറാകുക? കാത്തിരിക്കാം.