കൊച്ചി: അച്ചടക്കരഹിതമായി പെരുമാറിയെന്ന പരാതിയില്‍ കേരളത്തിന്റെ മുൻ രഞ്ജി ക്യാപ്റ്റൻ സഞ്ജു വി. സാംസണെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി.

സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ഥമാണെന്ന് കരുതുന്നതായും സംഭവം സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക സമിതി വ്യക്തമാക്കി. മാനസികമായ സമ്മര്‍ദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടയാതെന്നാണ് സമിതി വിലയിരുത്തിയത്. കൂടാതെ, ആദ്യത്തെ സംഭവം എന്ന നിലയിലുമാണ് കര്‍ശന നടപടികള്‍ വേണ്ടെന്ന് സമിതി തീരുമാനിച്ചതെന്ന് അഡ്വ. ടി.ആർ. ബാലകൃഷ്ണൻ  പറഞ്ഞു.

ഇന്ത്യ എ ടീമിനുവേണ്ടിയെല്ലാം നന്നായി കളിച്ച എനിക്ക് രഞ്ജി ട്രോഫിയിൽ കേരളത്തിനുവേണ്ടി നന്നായി കളിക്കാൻ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. നമ്മളൊക്കെ മനുഷ്യല്ലെ-സഞ്ജു പറഞ്ഞു.

ഗോവയ്ക്കെതിരെ മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ അച്ചടക്കരഹിതമായി പെരുമാറിയെന്നായിരുന്നു സഞ്ജുവിനെതിരായ പരാതി. ഗോവയ്ക്കെതിരെ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു, ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിച്ചെന്നും ശേഷം ആരോടും പറയാതെ റൂം വിട്ടുപോയെന്നുമാണ് പ്രധാന ആരോപണം. 

പരാതി അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ എസ്. രമേശ്, ബി.സി.സി.ഐ. മാച്ച് റഫറി പി. രംഗനാഥന്‍, കെ.സി.എ. വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. ശ്രീജിത്ത് വി. നായര്‍ എന്നിവരാണ് അന്വേഷസമിതിയിലെ അംഗങ്ങള്‍. 

സഞ്ജുവിന്റെ അച്ഛന്‍ കെ.സി.എ. പ്രസിഡന്റ് ടി.സി. മാത്യുവിനെ വിളിച്ച് മോശമായി സംസാരിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ഉജ്ജ്വല സെഞ്ചുറിയോടെ (154) തുടങ്ങിയ സഞ്ജുവിന് പിന്നീട് ശോഭിക്കാനായില്ല. ഏഴു മത്സരങ്ങളില്‍നിന്ന് 334 റണ്‍സാണ് സമ്പാദ്യം. രണ്ടിന്നിങ്സുകളില്‍ പൂജ്യത്തിന് പുറത്തായിരുന്നു.