കേരളത്തിനെതിരേ പന്തെറിയുന്ന അർജുൻ തെണ്ടുൽക്കർ | Photo: KCA Media
രഞ്ജിട്രോഫി ക്രിക്കറ്റിനായാണ് ഗോവന്‍ താരം അര്ജുന് തെണ്ടുല്‍ക്കര്‍ കേരളത്തിലെത്തിയത്. സച്ചിന് തെണ്ടുല്‍ക്കറുടെ മകന് എന്ന മേല്വിലാസത്തില്നിന്നുമാറി, രാജ്യത്തിനായി മികച്ച പ്രകടനം നടത്തുന്ന ക്രിക്കറ്ററിലേക്കുള്ള യാത്രയിലാണ് അര്ജുന്. മുംബൈ ടീമില്‍നിന്നു മാറി ഗോവയ്ക്കായി രഞ്ജിയില്‍ കളിക്കുന്ന അര്ജുന് ആദ്യമത്സരത്തില്‍തന്നെ സെഞ്ചുറിനേടി തന്റെ പ്രതിഭ തെളിയിച്ചു. രഞ്ജി ട്രോഫിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് ആഭ്യന്തരമത്സരങ്ങളിലൂടെ മികവുതെളിയിക്കാനാണ് ശ്രമിക്കുന്നത്. സച്ചിന്റെ മകനും ഓള്‍റൗണ്ടറുമായ അര്ജുന് 'മാതൃഭൂമി'യോട് സംസാരിക്കുന്നു
ക്രിക്കറ്റിലെ ഏറ്റവും വലിയ സ്വപ്നം?
ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുകയെന്നതാണ് തന്റെ എക്കാലത്തെയും സ്വപ്നം. അതിനായുള്ള പ്രയത്നത്തിലാണ്. ആ ലക്ഷ്യത്തിലേക്ക് എത്താനാകുമെന്ന് ഉറച്ചവിശ്വാസമുണ്ട്.
ഐ.പി.എലില്‍ പുതിയ സീസണ് വരുന്നു. എന്താണ് പ്രതീക്ഷ?
നിലവില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ് ലക്ഷ്യം. രഞ്ജി ട്രോഫിയില്‍ നൂറുശതമാനം അര്‍പ്പണബോധത്തോടെ കളിക്കാനാണ് തീരുമാനം. അതിനുശേഷം മാത്രമേ ഐ.പി.എലിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.
ഇതിഹാസതാരത്തിന്റെ മകനാണ്. ക്രിക്കറ്റിലേക്ക് വന്നപ്പോള്‍ അച്ഛന്റെ ഉപദേശം?
കഠിനാധ്വാനം ചെയ്യുകയെന്നതാണ് അച്ഛന് തരുന്ന ഉപദേശം. സ്വന്തം കഴിവുകളില്‍ പൂര്‍ണമായും വിശ്വസിച്ച് പ്രകടനം നടത്താനാണ് രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ പറഞ്ഞത്. നമുക്ക് ഗ്രൗണ്ടില്‍ എന്തുചെയ്യാനാകുമെന്ന് തെളിയിക്കണം. അതിനുള്ള പ്രതിഫലം സമയമാകുമ്പോള്‍ ലഭിക്കുമെന്നും അച്ഛന് പറയാറുണ്ട്.
കുടുംബത്തിന്റെ പിന്തുണ?
കുടുംബത്തിന്റെ പിന്തുണയാണ് എന്നെ ക്രിക്കറ്റില്‍ നിലനിര്‍ത്തുന്നത്. ക്രിക്കറ്റിലുള്ള എന്റെ താത്പര്യത്തിന് ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയുണ്ട്.
ഗോവയിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു?
സീസണില്‍ ഗോവയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ടീമിന്റെ വിജയത്തിന്റെ ഭാഗമാവുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യാനും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനും കഴിഞ്ഞു. ഗോവയ്ക്കായി ഗ്രൗണ്ടിലിറങ്ങിയത് മികച്ച അനുഭവമാണ്. ടീമിന്റെ ഭാഗമാക്കിയതില്‍ ഗോവന്‍ ടീമിനോടും അസോസിയേഷനോടും കടപ്പാടുണ്ട്.
കേരളവും കേരള ക്രിക്കറ്റും?
ഒരുപിടി നല്ല കളിക്കാരുള്ള കേരളം മികച്ച ടീമാണ്. ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഇവിടത്തെ പ്രകൃതിയും ബീച്ചുകളും മനോഹരമാണ്. ഇളനീരിന്റെ മധുരവും ഭക്ഷണത്തിന്റെ രുചിയും മറക്കാനാകാത്തതാണ്.
Content Highlights: arjun tendulkar, interview with arjun tendulkar, arjun tendulkar mathrubhumi, mathubhumi sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..