ദുബായ്:  ഇന്ത്യക്കെതിരെ ഏഷ്യാ കപ്പ് ഫൈനലിനൊരുങ്ങുന്ന ബംഗ്ലാദേശിന് തിരിച്ചടി. വിരലിന് പരിക്കറ്റേ ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസ്സന്‍ ഫൈനലില്‍ കളിക്കില്ല. ബാറ്റ് പിടിക്കാനാകാത്ത വിധം ഷാക്കിബിന്റെ വിരലില്‍ നീരുവെയ്ക്കുകയായിരുന്നു. ധാക്കയിലേക്ക് തിരിച്ചെത്തിയ താരം ശസ്ത്രക്രിയക്ക് വിധേയനായി. 

അമേരിക്കയില്‍ ശസ്ത്രക്രിയ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിരലില്‍ അണുബാധയും പഴുപ്പുമുണ്ടായതിനാല്‍ പെട്ടെന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയനാകുകയായിരുന്നു. ജനുവരി 27ന് ധാക്കയില്‍ നടന്ന ശ്രീലങ്കയുമായുള്ള ഏകദിനത്തിനിടെയാണ് ഷാക്കിബിന് പരിക്കേറ്റത്. തുടര്‍ന്ന് മാര്‍ച്ചില്‍ നടന്ന നിദാഹാസ് ടി ട്വന്റി ട്രോഫിയില്‍ ഷാക്കിബ് കളിച്ചില്ല. കുറച്ചുനാളത്തെ വിശ്രമത്തിനുശേഷം ജൂണില്‍ നടന്ന അഫ്ഗാനിസ്താനെതിരെയുളള ടി 20 പരമ്പരയിലും വിന്‍ഡീസ് പരമ്പരയിലും ഷാക്കിബ് കളിച്ചു. 

വിന്‍ഡീസ് പര്യടനത്തിനുശേഷം ഓഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തിയ ഷാക്കിബിനോട് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് കഴിഞ്ഞിട്ട് ശസ്ത്രക്രിയ മതിയെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അഭിപ്രായം കണക്കിലെടുത്ത് ശസ്ത്രക്രിയ നീട്ടിവെച്ചു. തുടര്‍ന്ന് ഷാക്കിബിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പരിക്ക് വകവെയ്ക്കാതെ കളിച്ച താരത്തിന്റെ നില പിന്നീട് ഗുരുതരമാകുകയായിരുന്നു. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് പരിക്ക് ഗുരുതരമായത്. ഉടനെത്തന്നെ താരത്തെ നാട്ടിലേക്ക് അയക്കുകയും ചെയ്തു.  

Shakib Al Hasan

Content Highlights: Injured Shakib Al Hasan to miss Bangladesh's Asia Cup final