ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍ഡിനെതിരേ നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്.

ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ ഇഷാന്തിന്റെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. ഈ പരിക്ക് വീണ്ടും വഷളായെന്നാണ് സൂചന.

വ്യാഴാഴ്ച ടീമിന്റെ പരിശീലന സെഷനില്‍ നെറ്റ്‌സില്‍ 20 മിനിറ്റ് പന്തെറിഞ്ഞ താരം, നേരത്തെ പരിക്കേറ്റ കണങ്കാലിന് വീണ്ടും വേദനയുണ്ടെന്ന് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച താരത്തെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കും. എന്നാല്‍ ഇഷാന്തിന്റെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ലഭ്യമായിട്ടില്ല.

അതേസമയം ഇഷാന്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉമേഷ് യാദവാകും പകരം ടീമിലെത്തുക.

നേരത്തെ ഇടതുകാലില്‍ നീര്‍ക്കെട്ട് ബാധിച്ചതിനെ തുടര്‍ന്ന് യുവതാരം പൃഥ്വി ഷായും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ല. കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം നെറ്റ് സെഷനില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ താരത്തിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷായെ രക്ത പരിശോധനയ്ക്ക് വിധേയമാക്കും.

Content Highlights: Injured Ishant Sharma may miss second Test